ലഹരിക്കെതിരെ കടുത്ത നടപടികളുമായി ഖാദീസ് അസോസിയേഷൻ; 35 മഹല്ല് പ്രതിനിധികളുടെ സംഗമം നടത്തി
text_fieldsകാളികാവ്: വർധിച്ചുവരുന്ന ലഹരിക്കെതിരെ കടുത്ത നടപടികളുമായി കാളികാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏരിയ ഖാദീസ് അസോസിയേഷൻ രംഗത്ത്. ഇതിന്‍റെ ഭാഗമായി 35 മഹല്ല് പ്രതിനിധികളുടെ സംഗമത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ പ്രഖ്യാപനം നടത്തി. കാളികാവ് പൊലീസ് ഇൻസ്പെക്ടർ എം. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടായിരത്തിലധികം അംഗങ്ങളുള്ള, 35 മഹല്ലുകളുടെ കൂട്ടായ്മയാണ് ശക്തമായ നീക്കവുമായി രംഗത്തു വന്നിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി എല്ലാ മഹല്ലുകളിലും നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖയും നിർദേശങ്ങളും ഏരിയ കോഓഡിനേഷൻ കമ്മിറ്റി മഹല്ലുകൾക്ക് കൈമാറും.
ലഹരി ഉപയോഗിക്കുന്നവരും വിൽക്കുന്നവരുമായ ആളുകൾക്കെതിരെ മഹല്ലിന്‍റെ കൂട്ടായ തീരുമാനപ്രകാരം കടുത്ത നടപടി സ്വീകരിക്കും. മഹല്ലുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കും. കാളികാവ് ഏരിയ ഖാദീസ് അസോസിയേഷൻ ചെയർമാൻ സുലൈമാൻ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഉബൈദുല്ല ഫൈസി, മജീദ് ദാരിമി പരിയങ്ങാട് എന്നിവർ പദ്ധതി വിശദീകരിച്ചു. ഉമർ ബാഖവി കാളികാവ്, ജലാലുദ്ദീൻ ഫൈസി, മുജീബ് റഹ്മാൻ ദാരിമി, പി. ഹസ്സൻ മുസ്ലിയാർ, റബീഅ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

