'സുഡാനി ഫ്രം നൈജീരിയ'യില്ലാതെ സെവൻസ് ആരവങ്ങളിലേക്ക് കേരളം
text_fieldsമലപ്പുറം: മൂന്ന് പതിറ്റാണ്ടിനിടെ വിദേശ താരങ്ങളുടെ സാന്നിധ്യമില്ലാത്ത ആദ്യ സെവൻസ് ഫുട്ബാൾ സീസണിന് ഡിസംബർ അവസാനം കിക്കോഫ്. കോവിഡ് കാരണം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മൈതാനങ്ങൾ ഉണരുമ്പോൾ സുഡാനിയെന്ന് ഫുട്ബാൾ പ്രേമികൾ ഓമനപ്പേരിട്ട് വിളിക്കുന്ന ആഫ്രിക്കൻ കളിക്കാരുടെ കളിയഴകുണ്ടാവില്ല.
നൈജീരിയ, ലൈബീരിയ, ലിബിയ, കാമറൂൺ, ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് കേരളത്തിൽ സെവൻസ് കളിക്കാനെത്തുന്നത്. യാത്രാപ്രശ്നങ്ങളുൾപ്പെടെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് സെവൻസ് ഫുട്ബാൾ അസോസിയേഷൻ (എസ്.എഫ്.എ) സംസ്ഥാന കമ്മിറ്റി തീരുമാനം.
2019െൻറ ആദ്യ പാദത്തിൽ കോവിഡ് വന്നതോടെ നിരവധി വിദേശ താരങ്ങൾ കേരളത്തിൽ കുടുങ്ങിയിരുന്നു. ഇവരെ തിരിച്ച് നാട്ടിലയക്കാൻ ക്ലബുകളും മാനേജർമാരും ഏറെ പ്രയാസപ്പെട്ടു. ടിക്കറ്റിന് പണം തികയാതെ ഉദാരമതികളുടെ കാരുണ്യം പോലും തേടേണ്ടി വന്ന താരങ്ങളുണ്ട്. സീസൺ അവസാനിപ്പിച്ചിട്ടും മാസങ്ങൾ കേരളത്തിൽ തുടർന്ന ശേഷമാണ് പലർക്കും നാടണയാനായത്. മുൻകാലങ്ങളിൽ സീസൺ നവംബറിൽ തുടങ്ങി ആറ് മാസം വരെ നീളാറുണ്ട്. ഇത്തവണ മാർച്ചിൽ അവസാനിപ്പിക്കും.
റമദാൻ വ്രതവും കണക്കിലെടുത്താണിതെന്ന് എസ്.എഫ്.എ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ പറഞ്ഞു. നവംബർ 27ന് കോട്ടക്കലിൽ ചേരുന്ന എസ്.എഫ്.എ സംസ്ഥാന കമ്മിറ്റി യോഗം പുതിയ സെവൻസ് സീസണിന് അന്തിമരൂപം നൽകും.