13 കിലോ എംഡിഎംഎയുമായി ശൃംഖലയിലെ മുഖ്യകണ്ണികളടക്കം നാലുപേർ പിടിയിൽ
text_fieldsഅഖിൽ ജോയ്, മുഹമ്മദ് ഹാരിസ്, കാർത്തിക്, സലാഹുദ്ദീൻ
മലപ്പുറം: ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മലപ്പുറം, കണ്ണൂർ ഡാൻസാഫ് ടീമുകളും ചെന്നൈ, ബിഹാറിലെ ഭഗൽപൂർ, എന്നിവിടങ്ങളിലെ ഒളിത്താവളത്തിലെത്തി ലഹരി മാഫിയ ശൃംഖലയിലെ മുഖ്യകണ്ണികളടക്കം നാലുപേരെ പിടികൂടി. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന കിങ് മേക്കർ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ഭഗൽപൂരിൽനിന്നും തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തിക്കിനെ (32) ചെന്നൈയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 10 കോടിയോളം വില വരുന്ന 13 കിലോഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽനാലുപേർ കൂടി അറസ്റ്റിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. പ്രതികൾ ചിലർ മുമ്പ് കൊലപാതകം, ലഹരിക്കടത്ത്, കവർച്ച കേസുകളിൽ ഉൾപ്പെട്ടവരാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതികൾക്കായി 10 ഓളം സംസ്ഥാനങ്ങളിലായി നിരീക്ഷണത്തിലും ഒരാഴ്ചയോളം നടത്തിയ രഹസ്യ അന്വേഷണത്തിലുമാണ് പ്രതികളുടെ രഹസ്യതാവളം മനസ്സിലാക്കിയത്. കണ്ണൂർ സിറ്റി ഡാൻസാഫ് നൽകിയ രഹസ്യ വിവരങ്ങളും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് സഹായമായി.
അയൽ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് രാജ്യാതിർത്തികൾ കേന്ദ്രീകരിച്ചുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകം നിരീക്ഷണം നടത്തി. ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ, ബീഹാർ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികളുൾപ്പടെയുള്ള അന്തർസംസ്ഥാന ലഹരിമാഫിയയാണ് കേരളത്തിലേക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് രാസലഹരിയും കഞ്ചാവും കടത്തുന്നത്.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബു, നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി എൻ.ഒ. സിബി, കൊളത്തൂർ സർക്കിൾ ഇൻസ്പെക്ടർ സി.കെ. നൗഷാദ്, കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, ജില്ല ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ നിജീഷ് എന്നിവരെയും ഡാൻസാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് സംഘങ്ങൾ രൂപവത്കരിച്ച് ഡൽഹി, നോയിഡ, കൊൽക്കത്ത, ബംഗളുരു, ചെന്നൈ നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം രഹസ്യ അന്വേഷണം നടത്തിയതിലൂടെയാണ് രഹസ്യതാവളങ്ങൾ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മയക്കുമരുന്ന് മാഫിയയുടെ താവളം കണ്ടെത്തിയത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന മറ്റ് കണ്ണികളെകുറിച്ചുള്ള ലഹരിമരുന്ന് സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൊണ്ടോട്ടി, തേഞ്ഞിപ്പലം, കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലും, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ രജിസ്റ്റർ ചെയ്ത പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക ഇടപാടുകൾ നടത്താൻ ബാങ്ക് അക്കൗണ്ടുകൾ നൽകി സഹായിക്കുന്നവർക്കെതിരെയും ശക്തമായ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

