കൗക്കാട് ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിട ശിലാസ്ഥാപനം
text_fieldsഎടക്കര കൗക്കാട് ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.വി. അന്‍വര്‍ എം.എല്‍.എ
നിര്‍വഹിക്കുന്നു
എടക്കര: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടര കോടി ചെലവഴിച്ച് എടക്കര കൗക്കാട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.പി. ഷര്‍മിള പദ്ധതി വിശദീകരിച്ചു. അയ്യനേത്ത് മോഹനകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സിന്ധു പ്രകാശ്, ബ്ലോക്ക് അംഗം സോമന് പാര്ളി, വിവിധ കക്ഷിനേതാക്കളായ യു. ഗിരീഷ്കുമാര്‍, കബീര്‍ പനോളി, സുധീഷ് ഉപ്പട, സി. അബ്ദുല്‍ മജീദ്, മുഹമ്മദ് റഫീഖ്, ഷമീര്‍ തോട്ടത്തില്‍, പ്രസാദ്, ഡോ. വി.എസ്. ഷിജോയ്, ഡോ. ജോമോന് ജോസഫ് എന്നിവര്‍ സംസാരിച്ചു.
നിലവില്‍ 30 കിടക്കകളുള്ള ആശുപത്രി വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ 50 കിടക്കകളുള്ളതായി മാറും. ഇതോടെ വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആയുര്‍വേദ ആശുപത്രിയില്‍ കിട്ടുന്ന എല്ലാ സേവന സൗകര്യങ്ങളും കൗക്കാട് ആശുപത്രിയിലുമുണ്ടാകും. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പേ വാര്‍ഡ്, അത്യാധുനിക ഫാര്‍മസി, ഒ.പി കെട്ടിടം, കോണ്‍ഫറന്‍സ് ഹാള്‍, ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന സര്‍ക്കാറിന്റെ പ്രാണശക്തി, ആയുഷ് ഗ്രാമം, പുനര്‍ജനി എന്നീ മൂന്ന് പ്രധാന പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്.
സംസ്ഥാനത്തെ ആദ്യത്തെ ആയുര്‍വേദ ന്യൂറോരോഗ ചികിത്സാകേന്ദ്രവുമാണ് കൗക്കാടിലേത്. പക്ഷാഘാതം, അപസ്മാരം, പാര്‍ക്കിന്‍സന്‍സ് തുടങ്ങിയവക്കും ഫലപ്രദമായ ചികിത്സയാണ് ലഭിക്കുന്നത്. ഞെരമ്പ് രോഗങ്ങള്‍ക്ക് മാത്രമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ശാസ്ത്രീയ പഞ്ചകര്‍മം, ഉഴിച്ചില്‍, പിഴിച്ചില്‍, ധാര, കിഴി തുടങ്ങിവയും ഇവിടെ ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

