കാറ്റും മഴയും: കരുവാരകുണ്ടിൽ വ്യാപക നാശം
text_fieldsപന വീണ് ഭാഗികമായി തകർന്ന പുൽവെട്ടയിലെ കുണ്ടുകാവിൽ ഇർഷാദിന്റെ വീട്
കരുവാരകുണ്ട്: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും കാറ്റിലും കരുവാരകുണ്ടിൽ കനത്ത നാശം. പുൽവെട്ട, കക്കറ, കൽക്കുണ്ട്, പാന്ത്ര, മഞ്ഞൾപാറ, കുട്ടത്തി എന്നിവിടങ്ങളിലാണ് മരങ്ങൾ വീണും മറ്റും നാശങ്ങളുണ്ടായത്.പുൽവെട്ടയിൽ പന വീണ് കുണ്ടുകാവിൽ ഇർഷാദിന്റെ വീടിന്റെ ഒരു ഭാഗം തകർന്നു. പുൽവെട്ട സ്കൂൾകുന്നിലെ മറ്റത്തൂർ ആയിഷയുടെ വീട്ടിലെ കുളിമുറികൾ, ജലസംഭരണി എന്നിവയും മരങ്ങൾ വീണ് തകർന്നു.
മരം വീണ് കുരിക്കൾ ബാബുവിന്റെ വീടിന്റെ മേൽക്കൂരയും നശിച്ചു. മഞ്ഞൾപാറയിലെ അണ്ടിക്കാടൻ തൻസീറിന്റെ വീടിന് മീതെ റബർ മരം വീണു. കേമ്പിൻകുന്ന് കണ്ണത്ത് വീട്ടിൽ ഹരിദാസന്റെ വീട്ടുപറമ്പിലെ തെങ്ങ് വീണ് സമീപത്തെ വിറകുപുര തകർന്നു.
കൽക്കുണ്ട് റോഡിൽ വൈദ്യുതി ലൈനുകൾക്ക് മീതെ വീണ റബർ മരങ്ങൾ
പ്ലാവ്, തേക്ക് മരങ്ങൾ പൊട്ടിവീണ് പയ്യാക്കോട്ടിലെ മണ്ണേങ്കളത്തിൽ ബാലൻ, കുന്നത്തൊടി സൈതാലി, ചാത്തോലി ഇബ്റാഹീം, പരിയാരത്ത് ബാബു എന്നിവരുടെ വീടുകൾക്ക് നാശമുണ്ടായി. റബർ മരങ്ങൾ വീണ് സെക്ഷൻ ഓഫിസ് പരിധിയിലെ ഏഴോളം വൈദ്യുതി കാലുകൾ പൊട്ടിവീണു.
ഫീഡറുകൾ തകരാറിലായതിനാൽ മിക്കയിടത്തും വൈദ്യുതി വിതരണവും നിലച്ചു. മാമ്പറ്റ, കൽക്കുണ്ട്, കക്കറ മേഖലയിൽ വ്യാപകമായി റബർ മരങ്ങൾ കടപുഴകി വീണു. കുട്ടത്തിയിൽ ലൈനിന് മീതെ കമുക് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാഹുൽഗാന്ധി റെസ്ക്യൂ ഫോഴ്സ്, ട്രോമ കെയർ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
ഐസൊലേഷൻ വാർഡിന്റെ സീലിങ് തകർന്നു
കരുവാരകുണ്ട്: ഇടിയും മിന്നലുമായെത്തിയ മഴയിൽ കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും നാശനഷ്ടം. ഉദ്ഘാടനത്തിനൊരുങ്ങുന്ന ഐസൊലേഷൻ വാർഡിന്റെ മേൽക്കൂരയിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. മുൻഭാഗത്തെ സീലിങ് പൂർണമായി അടർന്നുവീണു. മിന്നലിൽ കേന്ദ്രത്തിലെ വിവിധ വൈദ്യുതോപകരണങ്ങളും നശിച്ചു. രണ്ട് കമ്പ്യൂട്ടറുകൾ, പ്രിന്റർ, സ്റ്റെബിലൈസർ എന്നിവയാണ് നശിച്ചത്.