അന്തർ സംസ്ഥാന തൊഴിലാളികൾക്കും ഇനി മലയാളം ഈസി കോഴ്സൊരുക്കിയത് കെ.ടി.എം കോളജ്
text_fieldsമലയാളം പഠന കോഴ്സിലെ അന്തർ സംസ്ഥാന തൊഴിലാളികൾ അധ്യാപകരോടൊപ്പം
കരുവാരകുണ്ട്: തൊഴിൽ തേടി കരുവാരകുണ്ടിലെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്കിനി മലയാളത്തിന്റെ മധുരം. അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിരക്ഷരരായ തൊഴിലാളികൾക്കായി കരുവാരകുണ്ട് കെ.ടി.എം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസാണ് മലയാളം പാഠശാല തുറന്നത്. ജീവിതത്തിൽ ഇന്നേവരെ സ്കൂളിൽ പോയിട്ടില്ലാത്തവരാണ് ഇവരിൽ മിക്കവരും.
കോളജ് കാമ്പസിലെ നിർമാണ പ്രവൃത്തിക്കായി രണ്ടു വർഷം മുമ്പെത്തിയ അസം, ബംഗാൾ സ്വദേശികളായ തൊഴിലാളികൾക്ക് തൊഴിലുടമകൾ, വ്യാപാരികൾ എന്നിവരോട് മലയാളം പറയാനുള്ള പ്രയാസം മനസ്സിലാക്കിയതോടെയാണ് മലയാളം പഠന കോഴ്സ് എന്ന ആശയമുണ്ടായത്. ഇതോടെ കോളജ് മലയാളം പഠന വകുപ്പ് 20 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സും സിലബസുമൊരുക്കി.
മലയാളികളുമായി ആശയവിനിമയം നടത്താനാവശ്യമായ അടിസ്ഥാന വിവരങ്ങൾ മലയാളത്തിൽ എഴുതാനും പറയാനുമാണ് പരിശീലനം നൽകുന്നത്. തൊഴിലാളികളുടെ സൗകര്യപ്രകാരം രാവിലെയും രാത്രിയിലും ക്ലാസ് നടത്തും. 21 പേരുടെ ഒരു ബാച്ച് ഇതിനകം പഠനം പൂർത്തിയാക്കി.ഇപ്പോൾ 31 അംഗങ്ങളുടെ ബാച്ച് നടന്നുകൊണ്ടിരിക്കുന്നു. അസം സ്വദേശികളായ സയ്യിദുൽ ഇസ്ലാം, ഷാഹിൻ ഖാൻ, ജഹാംഗീർ ബാദുഷ, പശ്ചിമ ബംഗാളിൽ നിന്നുള്ള നിസാം അലി, സൈഫുൽ ശൈഖ് എന്നിവർ പഠിതാക്കളിൽ ചിലരാണ്. കെ.ടി.എം കോളജ് അധ്യാപകരായ ഡോ. എൻ.കെ. മുഹമ്മദ് അസ്ലം, എ.കെ. അഫ്സഹ്, കെ. മുഹമ്മദ് മുസ്തഫ, എം. ഉബൈദ് റഹ്മാൻ എന്നിവരാണ് ക്ലാസെടുക്കുന്നത്. സഹായികളായി എ. ഷാജഹാൻ, കെ.ടി. റസാഖ്, റസാഖ് ഇരിങ്ങാട്ടിരി എന്നിവരുമുണ്ട്.