വീട്ടിലെ പ്രസവമെടുത്ത് കുടുംബശ്രീ അധ്യക്ഷ; ബിന്ദുവിന് നാടിന്റെ ആദരം
text_fieldsകരുവാരകുണ്ട്: മാസം തികയാതെ വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകയായി കുടുംബശ്രീ അധ്യക്ഷ. കരുവാരകുണ്ട് സി.ഡി.എസ് പ്രസിഡന്റ് ബിന്ദു ജോസാണ് വാക്കോട് ചൂരക്കുന്ന് കോളനിയിലെ ശാന്തിനിക്ക് രക്ഷകയായത്. വെള്ളിയാഴ്ച രാത്രിയിലാണ് ശാന്തിനിക്ക് പ്രസവവേദനയുണ്ടായത്. പ്രസവം നടക്കുമെന്നായപ്പോൾ മെഡിക്കൽ ഓഫിസറെ ഫോണിൽ വിളിച്ചു. അവർ നാട്ടിലില്ലായിരുന്നു. തുടർന്നാണ് നാട്ടുകാർ ബിന്ദുവിനെ വിളിച്ചത്. നഴ്സിങ് പഠിച്ചിരുന്ന ബിന്ദു വീട്ടിലെത്തി പ്രസവാനന്തര ശുശ്രൂഷകൾ നൽകുകയായായിരുന്നു. തുടർന്ന് മെഡിക്കൽ ഓഫിസറുടെ നിർദേശ പ്രകാരം നഴ്സുമാരുമെത്തി. ശനിയാഴ്ച രാവിലെയോടെ ശാന്തിനിയെയും കുഞ്ഞിനെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അവസരത്തിനൊത്തുയർന്ന് അമ്മക്കും കുഞ്ഞിനും തുണയേകിയ ബിന്ദു ജോസിനെ ഗ്രാമപഞ്ചായത്ത് തിങ്കളാഴ്ച ആദരിക്കുന്നുണ്ട്.

