ജൽജീവൻ പൈപ്പിടൽ: കർശന നിബന്ധനകളുമായി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
text_fieldsകരുവാരകുണ്ട്: ഗ്രാമീണ റോഡുകൾ നശിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ജൽജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തിക്ക് കർശന നിബന്ധനകൾ വെച്ച് ഗ്രാമപഞ്ചായത്ത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തുടങ്ങുന്ന രണ്ടാം ഘട്ട പൈപ്പിടൽ പ്രവൃത്തിക്ക് മുമ്പായാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം ഗ്രാമപഞ്ചായത്ത് വിളിച്ചത്. ഒന്നാം ഘട്ടത്തിൽ നൂറിലധികം കിലോമീറ്റർ ദൂരത്തിലാണ് ഉൾഗ്രാമ റോഡുകളിൽ ചാല് കീറി പൈപ്പിട്ടത്. ചാല് കൃത്യമായി നികത്താത്തതും നികത്തിയ ഭാഗങ്ങൾ ഉയർന്നുനിന്നതും വാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതമായിരുന്നു. വീതികുറഞ്ഞ റോഡുകളിൽ ഗതാഗതംപോലും നിലച്ചു. വേനലിൽ പൊടിശല്യവും ഉണ്ടായി. ഇത് കനത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പുതിയ ഭരണസമിതി യോഗം വിളിച്ചത്.
പൈപ്പിടൽ പൂർത്തിയാക്കിയ മുഴുവൻ റോഡും കോൺക്രീറ്റ് ചെയ്തോ ടാറിങ് നടത്തിയോ ഗതാഗത യോഗ്യമാക്കണം. ഇനി മുതൽ പരമാവധി ടാറിങ് ഇല്ലാത്ത ഭാഗത്ത് കൂടി ചാല് കീറണം. പൈപ്പിടുന്ന മുറക്ക് തന്നെ ചാല് മണ്ണിട്ട് മൂടി കോൺക്രീറ്റ് ചെയ്യണം. പ്രധാന റോഡുകളിൽ പൊടിശല്യം ഒഴിവാക്കാൻ വെള്ളം തളിക്കണം.
ഓരോ വാർഡിലും പ്രവൃത്തി തുടങ്ങും മുമ്പ് വാർഡ് അംഗത്തെ വിവരമറിയിക്കണം തുടങ്ങിയ നിബന്ധനകളാണ് വെച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിളിച്ച യോഗത്തിൽ അംഗങ്ങൾക്കും കരാറുകാരനും പുറമെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
പൈപ്പിടേണ്ടത് 187 കിലോമീറ്റർ
കരുവാരകുണ്ട്: ജൽജീവൻ മിഷൻ പദ്ധതിയിൽ ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലായി 9424കണക്ഷനുകളാണ് നൽകുന്നത്. ഇതിനായി 187 കിലോമീറ്റർ ദൂരം പൈപ്പിടണം. 6884 വീടുകൾക്കാണ് ഇതിനകം കണക്ഷൻ നൽകിയത്. ബാക്കിവരുന്ന 2540 എണ്ണം രണ്ടാം ഘട്ടത്തിൽ നൽകും.ഇതിൽ കൂടുതലും സംസ്ഥാന പാത പോലുള്ള പ്രധാന റോഡുകളാണ്. തുരുമ്പോടയിലാണ് ജലസംഭരണി വരുന്നത്.ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത്രയധികം കണക്ഷനുകൾ ഉള്ളതിനാൽ 20 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കൂറ്റൻ സംഭരണി വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

