സാദിഖലി തങ്ങൾക്ക് മാലയിട്ടു; കരുവാരകുണ്ടിൽ കോൺഗ്രസും മുസ്ലിം ലീഗും വീണ്ടും ഒന്നിക്കുന്നു
text_fieldsസാദിഖലി ശിഹാബ് തങ്ങളെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കുന്നു
കരുവാരകുണ്ട് (മലപ്പുറം): ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച് തോൽപിച്ച കോൺഗ്രസും മുസ്ലിം ലീഗും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഒന്നാകുന്നു. സൗഹൃദ സന്ദേശ യാത്രയുമായി കരുവാരകുണ്ടിലൂടെ കടന്നുപോയ ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വീകരണവും മാലയും നൽകിയാണ് കോൺഗ്രസ് യു.ഡി.എഫിനുള്ള ഒരുക്കം തുടങ്ങിയത്.
യാത്രക്ക് കരുവാരകുണ്ടിൽ സ്വീകരണമില്ല. എന്നാൽ, മരുതിങ്ങലിലെ മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിൽ മണിക്കൂറുകളോളം കാത്തുനിന്നാണ് കോൺഗ്രസ് നേതാക്കൾ തങ്ങളെ ഹാരമാണിയിച്ചത്. മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു ഹാരമണിയിച്ചു.
എം.പി. വിജയകുമാർ, എൻ.കെ. അബ്ദുൽ ഹമീദ് ഹാജി, കെ. ഹുസൈൻ, എ.ടി. മുജീബ് റഹ്മാൻ, വി. ഖാദർ, വി. ഷൗക്കത്ത്, കെ. ആസിഫ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു. കഴിഞ്ഞദിവസം മണ്ഡലം യൂത്ത് ലീഗ് പദയാത്രക്ക് പുന്നക്കാട് യൂത്ത് കോൺഗ്രസും സ്വീകരണം നൽകിയിരുന്നു.

