കരുവാരകുണ്ട്: ഫുട്ബാൾ മേളയിൽ കടല വിറ്റ് കിട്ടിയ പണം വൃക്കരോഗിയുടെ ചികിത്സക്ക് സംഭാവന നൽകി 11കാരൻ താരമായി. തരിശിലെ പിലാക്കാടൻ നിസാം എന്ന നാണിപ്പുവിെൻറ മകൻ ഫഹദാണ് കടലക്കച്ചവടത്തിലെ മുതലും ലാഭവും കണ്ണീരൊപ്പാൻ വെച്ചു നീട്ടിയത്.
തരിശിലെ യുവതിയായ വൃക്ക രോഗിയുടെ ചികിത്സക്ക് പണം സ്വരൂപിക്കാൻ ചൈതന്യ ക്ലബാണ് ടർഫ് ഫുട്ബാൾ ഒരുക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിലാണ് ഫഹദ് കടലക്കച്ചവടം നടത്തിയത്. കടല വിറ്റു കിട്ടിയ 440 രൂപ വേദിയിലെത്തി ചികിത്സ സഹായ സമിതിക്ക് കൈമാറുകയായിരുന്നു. ഭാരവാഹികളായ പി. ഹംസപ്പ, എൻ.ടി. അശ്റഫ് എന്നിവർ തുക ഏറ്റുവാങ്ങി. കരുവാരകുണ്ട് ഡി.എൻ.ഒ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.