കരുണാലയ ആശുപത്രി ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും
text_fieldsവണ്ടൂർ: കരുണാലയ ആശുപത്രി ഫെബ്രുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. ഒ.പി ക്ലിനിക്കായി പ്രവർത്തനം തുടങ്ങി ക്രമേണ മൾട്ടി സ്പെഷാലിറ്റി തലത്തിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സ്ഥലത്തെ മുഴുവൻ കെട്ടിടങ്ങളും പുതുക്കിപ്പണിയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നാഗർകോവിലിലുള്ള ഇന്ത്യ ഇവാഞ്ചവലിക്കൽ ലൂഥറൻ ചർച്ച് ട്രസ്റ്റ് അസോസിയേഷനാണ് ആശുപത്രിയുടെ ചുമതല.
തിരുവനന്തപുരം സിനഡ് ബിഷപ് ഫാ. എം. മോഹനനായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. 11 വർഷം വണ്ടൂർ ക്രൈസ്റ്റ് ലൂഥറൻ ചർച്ച് വികാരിയായിരുന്ന ഫാ. ഒളിവറാണ് വർഷങ്ങൾക്കിപ്പുറം പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രിയുടെ മാനേജർ ഇൻ ചാർജ്. 1956ൽ റവ. ഹെൻറി ജെ. ഓട്ടൻ ആണ് കരുണാലയപ്പടിയിലെ 25 ഏക്കറോളം വരുന്ന സ്ഥലത്ത് ആശുപത്രി സ്ഥാപിച്ചത്. വിഷചികിത്സക്കടക്കം ഏറെ പേരുകേട്ട ഇവിടേക്ക് ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ എത്തിയിരുന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
ട്രസ്റ്റ് ഭാരവാഹികളായ ഫാ. ജസ്റ്റിൻ രാജ്, റസാലം, സെൽവരാജ്, മനോജ്, സുശീൽ പീറ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ആശുപത്രി വീണ്ടും തുടങ്ങണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം പല കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു. 17 വർഷം മുമ്പ് പ്രവർത്തനം നിലച്ച ആശുപത്രി മാസങ്ങൾക്കകം വീണ്ടും പ്രതാപത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

