മാഞ്ചീരി കോളനിയിൽ രണ്ടാംഘട്ട വാക്സിനേഷന് തുടക്കം
text_fieldsകരുളായി: ഗ്രാമപഞ്ചായത്തിെൻറയും കുടുംബാരോഗ്യ കേന്ദ്രത്തിെൻറയും നേതൃത്വത്തില്‍ മാഞ്ചീരിയില്‍ രണ്ടാം ഘട്ട വാക്സിനേഷന് തുടക്കമായി. കരുളായി ഉള്‍വനത്തിലെ വിവിധ അളകളില്‍ കഴിയുന്ന ചോലനായ്ക്ക വിഭാഗത്തിനാണ് മാഞ്ചീരിയിൽ കോവിഡ് വാസ്കിനേഷന് ക്യാമ്പ് സംഘടിപ്പിച്ചത്. 150ന് താഴെയാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ. ഇതില്‍ 66 പേർ മൂന്നു മാസം മുമ്പ് നടത്തിയ ക്യാമ്പുകളിലെത്തി ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചിരുന്നു. ഇവര്‍ക്കാണ് കഴിഞ്ഞ ദിവസം രണ്ടാം ഡോസ് വാസ്കിന് നല്കാൻ ക്യാമ്പ് ആരംഭിച്ചത്.
ആദ്യ ദിനം 20 പേർ വാക്സിന് സ്വീകരിച്ചു. ഒന്നാം ഡോസ് വാക്സിനെടുത്ത പലര്‍ക്കും പനിയും ശരീര വേദനയുമുണ്ടായതിനാൽ പലരും തുടർ വാക്സിനെടുക്കാന്‍ വിമുഖത കാണിച്ചു. കരുളായി മെഡിക്കൽ ഓഫിസർ ഡോ. പി.എ. ചാച്ചിയും ജനപ്രതിനിധികളും വനംവകുപ്പ് അധികൃതരും നിര്‍ബന്ധിച്ചാണ് പലരും വാക്സിനെടുക്കാന്‍ തയാറായത്. ഒന്നാം ഡോസ് വാക്സിനെടുക്കാത്തവർക്കും സൗകര്യമൊരുക്കിയെങ്കിലും പുതുതായി ആരുമെത്തിയില്ല. വരും ബുധനാഴ്ചകളില്‍ മാഞ്ചീരി കേന്ദ്രീകരിച്ചും അല്ലാത്ത ദിവസം മറ്റു കേന്ദ്രങ്ങളിലെത്തിയും രണ്ടാം ഡോസ് വാക്സിന് നല്‍കുമെന്ന് ഡോ. പി.എ. ചാച്ചി പറഞ്ഞു.
പഞ്ചായത്ത് അംഗം ഇ.കെ. അബ്ദുറഹിമാന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഷറഫുദ്ദീന് കൊളങ്ങര, ജെ.എച്ച്.ഐ രാജേഷ്, ജെ.പി.എച്ച്.എന്‍ നിഷ, സ്റ്റാഫ് നഴ്സ് മേഘശ്രീ, ഫാര്‍മസിസ്റ്റ് അഷറഫ്, സന്തോഷ്, റഫീഖ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.