റേഷന്‍ വിതരണത്തില്‍ തിരിമറി: കട സസ്പെൻഡ് ചെയ്യാന്‍ ശിപാര്‍ശ
text_fieldsകരുളായി: റേഷന്‍ വിതരണത്തില്‍ തിരിമറി നടത്തിയ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യ കമീഷന് ശിപാര്‍ശ ചെയ്തു. കരുളായിയിലെ എ.ആര്.ഡി 42ാം നമ്പര്‍ റേഷന്‍ കടക്കെതിരെയാണ് നടപടി. സംഭവത്തില്‍ ജില്ല സപ്ലൈ ഓഫിസറോട് ഭക്ഷ്യ സുരക്ഷ കമീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
കരുളായി ഉള്‍വനത്തിലെ മാഞ്ചീരി കോളനിക്കാരുടെ ജീവിത പ്രശ്നങ്ങള്‍ അറിയാനും പരിഹാരങ്ങള്‍ കണ്ടെത്താനുമായി സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം മെഹറലി, ഭക്ഷ്യ സുരക്ഷ കമീഷന് അംഗം വി. രമേശന് എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം മാഞ്ചീരിയിലെത്തിയിരുന്നു.
ഇവർക്ക് മുന്നിൽ ഭക്ഷ്യ ധാന്യങ്ങളുടെ കുറവ് സംബന്ധിച്ച് കോളനിക്കാര്‍ പരാതിപ്പെട്ടിരുന്നു ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോളനിക്കാര്‍ക്ക് ഗോതമ്പ് ലഭിക്കുന്നിെല്ലന്ന് കണ്ടെത്തിയത്. കോളനിയിലെ ചിലര്‍ ഗോതമ്പ് ഇതുവരെ കണ്ടിട്ടിെല്ലന്നാണ് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന റേഷന്‍ കടയിൽ സംഘം പരിശോധന നടത്തി. കോളനിക്കാര്‍ക്ക് എല്ലാ മാസവും ഗോതമ്പ് ഉള്‍പ്പെടെയുള്ളവ കടയില്‍ എത്തുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.
അഞ്ച് കിലോ ഗോതമ്പാണ് ഓരോ കാര്‍ഡുകള്‍ക്കും അനുവദിച്ചത്. അത് നാല് കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമായാണ് വിതരണത്തിനായി ലഭിക്കുന്നത്. കോവിഡ് സഹചര്യത്തില്‍ ഒന്നര വര്‍ഷമായി കാര്‍ഡിലെ ഓരോ അംഗത്തിനും ഒരു കിലോ വീതം ഗോതമ്പ് അധികമായി അനുവദിച്ചിട്ടുമുണ്ട്. അതിനാല്‍ കോളിനിയിലെ ഓരോ കാര്‍ഡിനും ശരാശരി എട്ട് കിലോ വീതം ഗോതമ്പ് ലഭിക്കേണ്ടതാണ്.
നടപടിക്ക് വിധേയമായ റേഷന്‍ കടയിലെ 2018 മുതലുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ ഗോതമ്പ് എത്തിയതായി മനസ്സിലായി. കോളനിക്കാര്‍ക്ക് റേഷന്‍ എത്തിക്കുന്ന ട്രൈബല്‍ വകുപ്പ് ചില മാസങ്ങളില്‍ ഗോതമ്പ് കൈപ്പറ്റിയതായും കണ്ടെത്തി. എന്നാല്‍, ഒരിക്കലും ഗോതമ്പ് ലഭിച്ചിട്ടിെല്ലന്നാണ് കോളനിക്കാര്‍ പറയുന്നത്. കടയുടമ ഗോതമ്പ് വിതരണം ചെയ്തതായി കാണിച്ച് തിരിമറി നടത്തിയതായാണ് ഭക്ഷ്യ കമീഷെൻറ കണ്ടെത്തല്‍.
റേഷന്‍ കടയില്‍നിന്ന് കോളനിക്കാര്‍ക്കായി വാങ്ങിയ ഗോതമ്പ് ട്രൈബല്‍ വകുപ്പ് എന്ത് ചെയ്തുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സംസ്ഥാന ഭക്ഷ്യ കമീഷന് അംഗം വി. രമേശന് പറഞ്ഞു. ജില്ല സപ്ലൈ ഓഫിസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.