അപൂർവ രോഗം ബാധിച്ച ആദിവാസി ബാലികക്ക് വിദഗ്ധ ചികിത്സക്ക് മന്ത്രിയുടെ നിർദേശം
text_fieldsമീനാക്ഷി
കരുളായി: മാഞ്ചീരി ഉൾവനത്തിൽ അപൂർവ രോഗം ബാധിച്ച ആദിവാസി ബാലികക്ക് വിദഗ്ധ ചികിത്സ നൽകാൻ പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. കരുളായി ഉൾവനത്തിലെ മാഞ്ചീരി പൂച്ചപാറ കോളനിയിലെ മണിയുടെ മകൾ മീനാക്ഷിക്കാണ് (9) തലച്ചോറ് ചുരുങ്ങുന്ന ഹൈഡ്രോ സെഫാലസ് എന്ന രോഗം ബാധിച്ചത്. സമഗ്ര ശിക്ഷാ കേരളം നടത്തിയ സർവേയിൽ മുണ്ടക്കടവ് അംഗൻവാടി അധ്യാപിക പിങ്കിയാണ് രോഗവുമായി വിഷമിക്കുന്ന ഭിന്നശേഷിക്കാരിയായ കുട്ടിയെ കണ്ടത്.
സുരേഷ് കൊളശ്ശേരി, എം. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൂച്ചപ്പാറ കോളനി സന്ദർശിച്ചു. ജില്ല കലക്ടർക്കും വിദ്യാഭ്യാസ വകുപ്പിനും ഐ.ടി.ഡി.പിക്കും റിപ്പോർട്ട് സമർപ്പിച്ചു. ചികത്സ പൂർണമായി ആരോഗ്യ വകുപ്പ് ഏറ്റെടുത്തു. പരിശോധന പൂർത്തിയാക്കിയ ശേഷം മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് കരുളായി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.എൻ. അനുപമ പറഞ്ഞു.
തലക്ക് നീര് വന്ന് കാലുകളുടെ പാദങ്ങൾക്ക് ബലക്ഷയം സംഭവിച്ചതോടെ മീനാക്ഷി കിടപ്പിലാണ്. പൊലീസും വനപാലകരും ഐ.ടി.ഡി.പി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരുമാണ് കുട്ടിയെ വനത്തിന് പുറത്തെത്തിച്ചത്. മണിയുടെ അഞ്ചു മക്കളിൽ മൂത്തവളാണ് മീനാക്ഷി. മലപ്പുറം ഡി.ഡി.ഇയുടെ നിർദേശപ്രകാരം മീനാക്ഷിയെ വാരിക്കൽ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസിൽ ചേർത്തിട്ടുണ്ട്.