കരുളായിയിൽ വിജയം ആവർത്തിക്കാൻ യു.ഡി.എഫ്; തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്
text_fieldsകരുളായി: രൂപവത്കരണ കാലം മുതൽ ഇടത്, വലത് മുന്നണികൾ മാറി മാറി ഭരണം നടത്തുന്ന ഗ്രാമപഞ്ചായത്താണ് കരുളായി. 400 ലധികം ആദിവാസി വോട്ടർമാരുള്ള പഞ്ചായത്ത് കൂടിയാണിത്. മുസ്ലിം ലീഗിനും കോൺഗ്രസിനും നാല് വീതം, സി.പി.എമ്മിന് ആറ്, സി.പി.ഐക്ക് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ഒരു സീറ്റ് വ്യത്യാസത്തിലാണ് 2020ൽ യു.ഡി.എഫിലെ മുസ്ലിം ലീഗിലെ ജയശ്രീ അഞ്ചേരിയൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കോൺഗ്രസിലെ ടി. സുരേഷ് ബാബു വൈസ് പ്രസിഡന്റായും നേതൃത്വം നൽകിയ ഭരണസമിതി നിലവിൽ വന്നത്. പ്രസിഡന്റ് സീറ്റ് വനിത സംവരണമായിരുന്ന കരുളായിയിൽ ഇത്തവണ പട്ടികജാതി വനിതാ സംവരണ സീറ്റാണ്. എന്നാൽ ഇവിടെ ലീഗിനും കോൺഗ്രസിനും തുല്യ സീറ്റു ലഭിച്ചിട്ടും ഭരണം പങ്കിടാതിരുന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അസംതൃപ്തിയുളവാക്കിയിരുന്നു. എൽ.ഡി.എഫ് ഭരണത്തിന്റെ വികസന മുരടിപ്പും സംസ്ഥാന സർക്കാർ നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്.
മാലിന്യസംസ്കരണത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന പഞ്ചായത്ത് പിന്തള്ളപ്പെട്ടതായും സർക്കാർ ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതിൽ ഭരണ സമിതി പരാജയപ്പെട്ടു, മോണിറ്ററിങ് സംവിധാനം പാലിക്കപ്പെട്ടില്ല, യു.ഡി.എഫിലെ ഏകോപനമില്ലായ്മ വികസനത്തിന് വിഘാതമായി, സർക്കാർ ഫണ്ടായ 85 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി മുന്നോട്ടു പോയില്ല, തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്രദമായി ഉപയോഗിക്കാനായില്ല തുടങ്ങി വിവിധ കാര്യങ്ങൾ ഉന്നയിച്ചാണ് എൽ.ഡി.എഫ് പ്രചാരണം.
എന്നാൽ ഭവന രഹിത പട്ടികയിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ഭവനം നൽകി, 1000 പേർക്ക് വീട് വാസയോഗ്യമാക്കാൻ ധനസഹായം നൽകി, കരുളായി പഞ്ചായത്ത് ഗ്രൗണ്ട് നവീകരിച്ചു, ഓപൺ ജിമ്മും തെരുവുവിളക്കുകളും സ്ഥാപിച്ചു, കുടുംബാരോഗ്യകേന്ദ്രത്തെ ശക്തിപ്പെടുത്തി, ഹരിത കർമ സേന യുടെ പ്രവർത്തനം ഫലപ്രദമാക്കി, മാലിന്യ സംസ്കരണത്തിന് സ്വന്തമായി രണ്ട് വാഹനങ്ങൾ വാങ്ങി തുടങ്ങിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ടഭ്യർഥിക്കുന്നത്. കൂടാതെ സംസ്ഥാന സർക്കാറിനെതിരായ വികാരവും കരുളായിയിൽ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
ഇത്തവണ 15 വാർഡുകളിൽനിന്നും 17 ആയി വർധിപ്പിച്ച കരുളായിയിൽ ഒമ്പതു സീറ്റുകൾ ലീഗിനും ആറെണ്ണം കോൺഗ്രസിനുമാണ്. എന്നാൽ ലീഗും കോൺഗ്രസും ഒാരോ സീറ്റു വീതം നൽകി തൃണമൂൽ കോൺഗ്രസിന് ഇടം നൽകാമെന്ന പ്രാദേശിക ധാരണയിൽ സ്വതന്ത്രരായി പരീക്ഷിക്കുകയാണ്. എൽ.ഡി.എഫിൽ സി.പി.എം 15 സീറ്റിലും സി.പി.ഐ രണ്ടു സീറ്റിലുമാണ് ജനവിധി തേടുന്നത്. ശക്തമായ മത്സരം നടക്കുന്ന പഞ്ചായത്തിൽ ഇരു മുന്നണികളും ഒരേപോലെ വിജയ പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

