ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഷാദിയയും കുടുംബവും
text_fieldsപൂക്കോട്ടുംപാടം: കരിപ്പൂർ വിമാനാപകടത്തിൽനിന്ന് ജീവൻതിരിച്ചു കിട്ടിയതിെൻറ സന്തോഷത്തിലാണ് കൂറ്റമ്പാറ സ്വദേശി നീലാമ്പ്ര ഫിർദൗസിെൻറ ഭാര്യ ഷാദിയ നവലും രണ്ടു വയസുകാരൻ ആദം ഫിർദൗസും.
അഞ്ചു മാസങ്ങൾക്കു മുമ്പാണ് ഒരുമാസത്തെ വിസിറ്റിങ് വിസക്ക് ദുബൈയിലുള്ള ഭർത്താവിെൻറ അടുത്തേക്ക് യാത്ര തിരിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചു മാസത്തേക്ക് നീളുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ വിമാനം താഴേക്ക് പതിക്കുന്നത് നല്ല ഓർമയുണ്ടെന്നും ജീവിതം കൈവിട്ടുവെന്ന തോന്നൽ ഉണ്ടായെന്നും ഷാദിയ പറഞ്ഞു.
എയർപോർട്ടിൽ സഹോദരൻ വന്നിരുന്നതിനാൽ ഫോൺ മുഖേന ബന്ധപ്പെടാനും രാത്രി തന്നെവീട്ടിലെത്താനും സാധിച്ചു. പിൻസീറ്റിലായിരുന്നതിനാൽ അപകടത്തിൽ കാര്യമായി പരിക്കൊന്നും കണ്ടിരുന്നില്ല.
ഇടിയുടെ ആഘാതത്തിൽ ഷാദിയയുടെ നെറ്റിക്ക് വേദന അനുഭവപ്പെടുക മാത്രമാണുണ്ടായത്. എന്നാൽ വീട്ടിലെത്തിയതോടെ മകൻ ആദമിന് ഇടതുകൈയിന് വേദന അനുഭവപ്പെട്ടു.
തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരിക്കയാണ്. കൈയിെൻറ എല്ലിന് പൊട്ടലുള്ളതിനാൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.