ദേശീയപാതയിലെ മഴവെള്ളപ്പാച്ചിൽ; ദുരിതംപേറി കണ്ടംചിറ നിവാസികൾ
text_fieldsദേശീയപാതയിലെ മഴവെള്ള കുത്തൊഴുക്കിൽ യാത്ര ദുസ്സഹമായ കണ്ടംചിറ പുത്തൻകുളം ഇടവഴി
തിരൂരങ്ങാടി: കാലവർഷം ശക്തി പ്രാപിച്ചതോടെ ദേശീയപാതയിലെ മഴവെള്ളം കുത്തിയൊലിച്ചുവന്ന് ദുരിതം പേറി തെന്നല പഞ്ചായത്തിലെ കണ്ടംചിറ പ്രദേശവാസികൾ. ദേശീയപാതയുടെ ആറുവരിയിലെ രണ്ട് കിലോമീറ്റർ ഭാഗങ്ങളിലെ മഴവെള്ളമാണ് കുത്തിയൊലിച്ച് കണ്ടംചിറ പുത്തൻകുളം വഴി പ്രദേശത്താകെ പരന്നൊഴുകുന്നത്.
ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ചു വന്ന് സമീപത്തെ നിരവധി വീടുകളുടെ ചുറ്റുമതിൽ തകർത്തു. മഴവെള്ളപ്പാച്ചിലിലെ കുത്തൊഴുക്കിൽ ഇതുവഴി ഒരു യാത്രയും സാധ്യമല്ല എന്ന് നാട്ടുകാർ പറഞ്ഞു. കണ്ടംചിറ പുത്തൻകുളം പ്രദേശത്തെ മദ്റസ, അംഗൻവാടി, ഗവ. ഹോമിയോ ഡിസ്പെൻസറി തുടങ്ങിയവയിലേക്കെല്ലാം ഉപയോഗിക്കുന്ന പൊതുവഴിയാണിത്. എന്നാൽ, ഈ റോഡിലൂടെയുള്ള യാത്ര മഴക്കാലത്ത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ദേശീയപാതയിലെ മഴവെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം പ്രയാസപ്പെടുന്ന പരിസരവാസികൾ മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, ദേശീയപാത അധികൃതർ തുടങ്ങിയവർക്കെല്ലാം പരാതികളും നിവേദനങ്ങളും നൽകിയിരുന്നു എന്നാൽ, തങ്ങളുടെ പ്രയാസത്തിന് ഇന്നേവരെ ശാശ്വതമായ പരിഹാരം ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കാലവർഷം ശക്തിയാകുമ്പോൾ തങ്ങളുടെ പ്രയാസം ഇരട്ടിയാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

