പരിമിതികളിൽ കിതച്ച് തുവ്വക്കാട്ടെ പഞ്ചായത്ത് കെട്ടിടം
text_fieldsവളവന്നൂർ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ തുവ്വക്കാട് നെല്ലാപറമ്പിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം
കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള തുവ്വക്കാട് സ്റ്റേഡിയത്തിനോട് ചേർന്ന് നെല്ലാപറമ്പിൽ സ്ഥിതിചെയ്യുന്ന കെട്ടിടം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്.
ഈ ഇടുങ്ങിയ കെട്ടിടത്തിൽ തുവ്വക്കാട് ഇലക്ട്രിക്കൽ സെക്ഷൻ കെ.എസ്.ഇ.ബി ഓഫിസ്, കല്ലത്തിച്ചിറ ആരോഗ്യ ഉപകേന്ദ്രം, ഹോമിയോ പ്രൈമറി ഹെൽത്ത് സെന്‍റർ, വെറ്ററിനറി സബ് സെന്‍റർ തുടങ്ങി നാലോളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നിർമാണസാമഗ്രികൾ കെട്ടിടത്തിന് മുന്നിൽ കൂട്ടിയത് ഇവിടേക്ക് വരുന്ന ആളുകൾക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് ജില്ല പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനായി നിർമിച്ചതാണ് ഈ കെട്ടിടം. ഉപയോഗശൂന്യമായി കിടന്ന കെട്ടിടം പിന്നീട് പഞ്ചായത്തിന് കൈമാറുകയായിരുന്നു. കെട്ടിടത്തിന് സമീപം ഒരേക്കറിലധികം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. നേരത്തെ ഈ സ്ഥലത്ത് ടർഫ് സ്റ്റേഡിയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദം നിലനിന്നിരുന്നു. ഇവിടെ പുതിയ കെട്ടിടസമുച്ചയം നിർമിച്ച് വിവിധ സ്ഥാപനങ്ങൾ അതിലേക്ക് മാറ്റണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.