45 തരം കടലാസ് പൂക്കൾ; കാഴ്ചയുടെ വിരുന്നൊരുക്കി അഷറഫിന്റെ വീട്ടുമുറ്റം
text_fieldsവൈലത്തൂരിലെ വീട്ടിൽ വിരിഞ്ഞ 45 തരം ബോഗൺവില്ല ചെടികൾക്കരികിൽ അഷറഫും മകൾ ഫാത്തിമ നജയും
കൽപകഞ്ചേരി: വൈലത്തൂർ സ്വദേശിയായ പന്നിക്കണ്ടത്തിൽ അഷറഫിന്റെ വീട്ടുമുറ്റം ആരേയും ആകർഷിക്കും.വ്യത്യസ്ത നിറങ്ങളിലും രൂപത്തിലുമുള്ള 45 തരം ബോഗൻ വില്ലകളാണ് ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുള്ളത്.
ബഡ് ചെയ്ത് ഒരുചെടിയിൽ തന്നെ എട്ടും പത്തും നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. നാടൻ ഹൈബ്രിഡ് ഇനങ്ങൾക്ക് പുറമെ, ബ്ലൂ ഐസ്, മാജിക് വൈറ്റ്, സൺസെറ്റ് വൈറ്റ്, മൊണാലിസ ലെക്റവു, ബീഗം സിക്കന്തർ, മിസ് വേൾഡ് തുടങ്ങി തായ്ലൻഡ്, സിംഗപ്പൂർ ഇനങ്ങളായ ഫയർ ഓപൽ, ചില്ലി റെഡ്, റൂബി റെഡ്, ടൊമാറ്റോ റെഡ്, ചില്ലി ഐസ്ക്രീം, ചില്ലി ഓറഞ്ച്, ലോല വരെ ഇവിടെയുണ്ട്.
വേനൽ തുടങ്ങുന്നതോടെ പൂവിടുന്ന ഇവ മേയ് അവസാനം വരെ പൂത്തുലഞ്ഞ് നിൽക്കും. വിദേശിയും സ്വദേശിയുമായ നാൽപതോളം പഴവർഗങ്ങളും അഷറഫ് കൃഷിചെയ്യുന്നുണ്ട്. ഗ്രോബാഗുകളിലായി വിവിധയിനം മുളകുകൾ, ഇഞ്ചി, മഞ്ഞൾ, ചീര, ചേമ്പ് എന്നിവയും നാടൻ കോഴികൾ, ഒരുവർഷത്തിൽ 300ലധികം മുട്ടയിടുന്ന ബി.വി -380, ഫാൻസി കോഴികൾ, ചെറുതേനീച്ചകൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങി 10ലധികം വിവിധയിനം പേർഷ്യൻ പൂച്ചകളെയും വളർത്തുന്നു.
ഉമ്മുഹബീബയാണ് ഭാര്യ. മക്കൾ: സലിൽ നജ്മി, നബിൽ ആത്വിഫ്, ഫാത്തിമ നജ.