കാട്ടുപന്നിയെ കറിവെച്ച രണ്ടുപേർ പിടിയിൽ
text_fieldsകാപ്പിച്ചാൽ പൂക്കുളം സ്കൂൾപടിയിൽനിന്ന് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പിടികൂടിയ കാട്ടുപന്നിയുടെ മാംസം
കാളികാവ്: കാട്ടുപന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേർ വനപാലകരുടെ പിടിയിൽ. വണ്ടൂർ കാപ്പിച്ചാൽ പൂക്കുളം സ്കൂൾപടിയിൽ പുളിക്കൽ ബാലകൃഷ്ണന്റെ വീട്ടിൽനിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. രഹസ്യവിവരത്തെ തുടർന്ന് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും മാംസം കണ്ടെടുത്തു.
കേബിൾ ഉപയോഗിച്ച് കെണി വെച്ച് പന്നികളെ പിടികൂടി തല്ലിക്കൊല്ലുകയാണ് ചെയ്തിട്ടുള്ളത്. ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. വിനു, ഡെപ്യൂട്ടി റേഞ്ചർമാരായ എൻ. വിനോയ് കൃഷ്ണൻ, സി.എം. മുഹമ്മദ് അശ്റഫ്, സെക്ഷൻ ഓഫിസർമാരായ ലാൽവിനോദ്, എ. ശിഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

