കാളികാവ്: ഒരിടവേളക്ക് ശേഷം മലയോരമേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ആക്രമണം ശക്തമായി. സംസ്ഥാനപാതയോട് ചേർന്ന വീട്ടുമുറ്റങ്ങളിലും വ്യാപാരകേന്ദ്രങ്ങൾക്ക് സമീപവും പകലും പന്നികൾ മേഞ്ഞുനടന്ന് ആളുകളെ ആക്രമിക്കുകയാണ്.
ബൈക്ക് യാത്രികരാണ് കൂടുതലും ആക്രമണത്തിന് ഇരയാവുന്നത്. പുലർച്ച ജോലിക്ക് പുറപ്പെടുന്ന ടാപ്പിങ് തൊഴിലാളികൾ കാട്ടുപന്നി ആക്രമണത്തിനിരയാവുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്കോട് കുണ്ടിൽ സാജിതയെ (38) കാട്ടുപന്നി ആക്രമിച്ച് പരിക്കേൽപിച്ചു.
ചെങ്കോട് ഭാരത് പെട്രോൾ പമ്പിന് സമീപം വീട്ടുമുറ്റത്ത് വെച്ചാണ് ഇവരെ കുത്തിവീഴ്ത്തിയത്. തേറ്റ പൊട്ടിയ കാട്ടുപന്നി ഏതാനും ദിവസമായി പ്രദേശത്ത് സ്വൈരവിഹാരം നടത്തുകയാണ്.