വണ്ടൂർ-കാളികാവ് റോഡ് നവീകരണം; മൂച്ചിക്കലിൽ ഡ്രൈനേജ് നിർമാണത്തിൽ അശാസ്ത്രീയതയെന്ന്
text_fieldsകാളികാവ്: എം.പി ഫണ്ടുപയോഗിച്ച് നടത്തുന്ന റോഡ് നിർമാണത്തിൽ ഡ്രൈനേജ് വാർക്കുന്നത് കമ്പിയിടാതെയെന്ന് ആക്ഷേപം. വണ്ടൂർ-കാളികാവ് റോഡിന്റെ നവീകരണ പ്രവൃത്തിയിൽ അഞ്ചച്ചവിടി ഭാഗത്താണ് കമ്പിയില്ലാതെ കോൺക്രീറ്റിങ് നടത്തുന്നത്. റോഡ് നവീകരണത്തിന്റെ ആദ്യപടിയായി ഡ്രൈനേജ് നിർമാണമാണ് നടക്കുന്നത്. മൂച്ചിക്കൽ വളവിലെ വെള്ളക്കെട്ട് പരിഹരിക്കാനായി നൂറ് മീറ്ററോളം നീളത്തിൽ നടക്കുന്ന ഡ്രൈനേജ് കോൺ ക്രീറ്റിങ്ങിലാണ് കമ്പി ചേർക്കാതെ നിർമാണം നടക്കുന്നത്. എസ്റ്റിമേറ്റിൽ ഇല്ലാത്തതിനാലാണ് കമ്പി ചേർക്കാത്തതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
രാഹുൽ ഗാന്ധിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് 11. 7 കിലോമീറ്റർ റോഡ് 12 കോടിയുടെ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്. അനേകവർഷമായി വെള്ളക്കെട്ട് ദുരിതമനുഭവിക്കുന്ന ഇവിടെ ഇപ്പോൾ നിർമിക്കുന്ന ഡ്രൈനേജ് കൊണ്ടും പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ആക്ഷേപമുണ്ട്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളവും മണ്ണും ഈ വളവിലാണ് അടിഞ്ഞു കുടുന്നത്. എന്നാൽ പടിഞ്ഞാറ് ഭാഗത്ത് ഡ്രൈനേജില്ലാതെ അശാസ്ത്രീയ നിർമാണമാണ് ഇവിടെ നടക്കുന്നത്.

