വീടെന്ന സ്വപ്നം പൂവണിയുമോ?; അദാലത്തിൽ പ്രതീക്ഷയർപ്പിച്ച് ആദിവാസികൾ
text_fieldsകാളികാവ്: വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ച ചോക്കാട് ചിങ്കക്കല്ലിലെ ആദിവാസികൾ കാത്തിരിക്കുന്നത് നിലമ്പൂരിൽ നടന്ന അദാലത്തിലെ തീരുമാനത്തിന്. വനംവകുപ്പിെൻറ അനുമതിയില്ലാത്തതിനാൽ തലചായ്ക്കാനിടയില്ലാതെ വന്യമൃഗങ്ങളുടെ നടുവിൽ കഴിയുന്ന ചോക്കാട് ചിങ്കക്കല്ല് കോളനിയിലെ ആദിവാസികളാണ് അധികൃതരുടെ ദയ കാത്ത് കഴിയുന്നത്.
നാല് വർഷം മുമ്പ് ഇവർക്ക് ഐ.ടി.ഡി.പി വഴി വീട് അനുവദിച്ചു കിട്ടിയിരുന്നു. തുടർന്ന് ലൈഫ് പദ്ധതിയിൽ 2018ൽ വീടിന് ആദ്യഗഡു ലഭിച്ച തുക കൊണ്ട് തറ നിർമിച്ചു. എന്നാൽ, നിർമാണം പൂർത്തിയായ തറയിൽ വീട് വെക്കുന്നത് വനം വകുപ്പ് തടഞ്ഞു. വീട് വെക്കുന്നത് വനം വകുപ്പിെൻറ സ്ഥലത്താണ് എന്ന് പറഞ്ഞാണ് നിർമാണം നിർത്താൻ ആവശ്യപ്പെട്ടത്.
വനം വകുപ്പിെൻറ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി, ജില്ല കലക്ടർ, ഡി.എഫ്.ഒ തുടങ്ങിയവർക്ക് പലവട്ടം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം നിലമ്പൂരിൽ മൂന്ന് മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ ആദിവാസികളായ ഗീത, സരോജിനി, കുറുമ്പി തുടങ്ങിയവർ പരാതി നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ, ചോക്കാട് പഞ്ചായത്ത് അംഗം ഷാഹിന ബാനു, മഹിള സമഖ്യയിലെ രാജമ്മ എന്നിവർക്കൊപ്പമാണ് പരാതി നൽകിയത്. ഏത് സമയത്തും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള കോളനിയിൽ കാടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി അതിലാണ് കുഞ്ഞുങ്ങളടക്കം ആദിവാസികൾ കഴിയുന്നത്.
മൂന്ന് വർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ തറ കാടുമൂടി കിടക്കുകയാണ്. വനം വകുപ്പിെൻറ പിടിവാശി മൂലം ഇവർക്ക് വീട് വെക്കാൻ അനുവദിച്ച ഫണ്ടും നഷ്ടപ്പെട്ടു. വീടിനുള്ള ഫണ്ട് അനുവദിച്ച് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോഴോ തറ പണിയുമ്പോഴോ ഒന്നും മിണ്ടാതിരുന്ന വനം വകുപ്പ് ഇപ്പോൾ നിർമാണം വിലക്കുന്നത് ക്രൂരതയാണെന്നാണ് ആദിവാസികൾ പറയുന്നത്.

