സുരക്ഷാപ്രശ്നം: അംഗൻവാടി താൽക്കാലികമായി അടച്ചു, മാലിന്യ ടാങ്ക് നിർമിക്കാത്തതിനാൽ മലിനജലം പുറത്തേക്കൊഴുകുന്ന അവസ്ഥയാണ്
text_fieldsചോക്കാട് ആനക്കല്ല് അംഗൻവാടിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നു
കാളികാവ്: സുരക്ഷാവീഴ്ചയെ തുടർന്ന് അംഗൻവാടി അടച്ചിട്ടു. ചോക്കാട് ഗ്രാമപഞ്ചായത്ത് ആനക്കല്ല് അംഗനവാടിയാണ് നടപടിയുടെ ഭാഗമായി അടച്ചിട്ടത്. മൂന്നു മാസം മുമ്പാണ് അംഗൻവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഉദ്ഘാടനശേഷം തൊട്ടടുത്ത കെട്ടിടത്തിൽനിന്ന് താൽക്കാലികമായി വൈദ്യുതിയെടുത്ത് ഉപയോഗിച്ചിരുന്നു. അപകടകരമായ രീതിയിൽ വയർ വലിച്ചതിനെതിരെ ക്ലബ് പ്രവർത്തകർ രംഗത്ത് വന്നതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ കണക്ഷൻ കട്ടു ചെയ്തു.
നിലവിൽ അംഗൻവാടിക്ക് മാലിന്യ ടാങ്ക് നിർമിക്കാത്തതിനാൽ മലിനജലം പുറത്തേക്കൊഴുകുന്ന അവസ്ഥയാണ്. ഇതിനെതിരെ പന്നിക്കോട്ടുമുണ്ട ലക്കിസ്റ്റാർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് ജില്ല കലക്ടർക്ക് പരാതി നൽകിയത്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച അംഗൻവാടി കെട്ടിടത്തിന് വേസ്റ്റ് കുഴി നിർമിക്കാത്തതിനെതിരെ നേരത്തെ പ്രതിഷേധമുയർന്നിരുന്നു.
കുട്ടികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അംഗനവാടിക്ക് കഴിഞ്ഞ വർഷം പ്രദേശത്തെ ഒരാൾ സൗജന്യമായി നൽകിയ നാലു സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
വിവിധ ഘട്ടങ്ങളിലായി 40 ലക്ഷത്തോളം രൂപ ചെലവിലാണ് അംഗനവാടി നിർമിച്ചത്. ഇരുപതിലേറെ കുട്ടികൾ പഠിക്കുന്ന അംഗനവാടിയാണ് അടച്ചിട്ടത്. പരാതിയെ തുടർന്ന് മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നൽകിയിരുന്നു. മാലിന്യ പ്രശ്നവും നിലവിലെ വൈദ്യുതി പ്രശ്നവും പരിഹരിച്ച് കഴിയുന്നതും നേരത്തെ അംഗൻവാടി തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്ത കെ. ഗോപാലൻ പറഞ്ഞു.
റീത്ത് സമർപ്പിച്ച് ഡി.വൈ.എഫ്.ഐ
ചോക്കാട്: ആനക്കല്ല് അംഗൻവാടിക്ക് മുന്നിൽ റീത്ത് സമർപ്പിച്ച് ഡി.വൈ.എഫ്.ഐ ചോക്കാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. കിണറോ വൈദ്യുതിയോ മാലിന്യക്കുഴിയോ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് ഉദ്ഘാടനം കഴിഞ്ഞത്.
കെട്ടിടത്തിന്റെ പ്രവൃത്തിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകുമെന്നും അറിയിച്ചു. പ്രതിഷേധം സി.പി.എം ചോക്കാട് ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ചോക്കാട് മേഖല സെക്രട്ടറി കെ. റെനീദ്, റിയാസ് തെച്ചിയോടൻ, രാഹുൽ എടപ്പലം എന്നിവർ സംസാരിച്ചു. മിഥുന, ശിവദാസൻ, റമീസ്, അജ്സൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

