മലയോര ഹൈവേ; ചോക്കാട് അങ്ങാടിയിൽ നിർമാണം തുടങ്ങാനായില്ല
text_fieldsറോഡ് വികസനം അനിശ്ചിതത്വത്തിലായ ചോക്കാട് അങ്ങാടി
കാളികാവ്: മലയോര ഹൈവേ ചോക്കാട് അങ്ങാടിയിൽ നിർമാണം തുടങ്ങാനായില്ല. റോഡ് അളന്ന് തിട്ടപ്പെടുത്തി നൽകാത്തതാണ് കാരണം. താലൂക്ക് സർവേ സംഘത്തോട് റോഡ് അളന്ന് തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും ചെയ്തിട്ടില്ല. നാട്ടുകാരുടെ കൂട്ടായ്മ ചോക്കാട് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തിയാണ് റോഡ് അളന്ന് തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ടത്. രണ്ടുവർഷത്തോളമായി ചോക്കാട്ട് അങ്ങാടിയിലെ റോഡ് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ റോഡ് പൂർണമായും ഉപയോഗിക്കാതെ കരാർ കമ്പനിയായ യു.എൽ.സി.സി അധികൃതർ റോഡ് പ്രവൃത്തിക്കായി അങ്ങാടി റോഡ് പൊളിക്കുന്ന പണി ആരംഭിച്ചു. അങ്ങാടി വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കുക മാത്രമല്ല നിലവിലുള്ള റോഡ് പോലും പൂർണമായും ഉപയോഗിക്കാതെയാണ് പണി ആരംഭിച്ചത്. ഇതിനെതിരെ നാട്ടുകാർ രംഗത്ത് വന്നതോടെ അങ്ങാടി നവീകരണം വീണ്ടും മുടങ്ങിയിരിക്കുകയാണ്.
നേരത്തെ റോഡ് അളന്ന അടയാളകുറ്റികളും മറ്റും മാറ്റി സ്ഥാപിച്ചതായും കണ്ടെത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് റോഡ് അളന്ന് നൽകണമെന്ന് കരാർ കമ്പനി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി നിവേദനം നൽകുകയും ചെയ്തിരുന്നു. പല ഭാഗത്തും മലയോര ഹൈവേയുടെ രണ്ടാം ഘട്ട ടാറിങ് പ്രവൃത്തി നടന്നുവരുന്നുണ്ട്. എന്നാൽ, ചോക്കാട് അങ്ങാടിയിലും ആനക്കല്ല് നാരായണൻ വളവിലും റോഡ് അളന്ന് നൽകിയിട്ട് പോലുമില്ല. റോഡ് അളക്കുന്നത് വൈകുന്നതിനെതിരെ കടുത്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

