റോഡ് പാടെ തകർന്നു; പരാതിക്കാരന് പഞ്ചായത്തിന്റെ വിചിത്ര മറുപടി
text_fieldsചോക്കാട്-പെടയന്താൾ റോഡ് തകർന്ന നിലയിൽ
കാളികാവ്: അഴുക്കുചാൽ പാടെ മൂടി വർഷങ്ങളായി തകർന്നുകിടക്കുന്ന ചോക്കാട്-പെടയന്താൾ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിക്ക് ചോക്കാട് പഞ്ചായത്ത് നൽകിയത് വിചിത്ര മറുപടി. റോഡ് അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കുന്നതിന് പകരം, അഴുക്കുചാൽ മണ്ണിട്ടുമൂടിയ സ്ഥലത്തിന്റെ ഉടമസ്ഥരുടെ പേരും വിലാസവും പരാതിക്കാരൻ തന്നെ കണ്ടെത്തി നൽകണമെന്നാണ് മറുപടിയിൽ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
പെടയന്താൾ സ്വദേശി തൈതൊടിക മുഹമ്മദ് കുട്ടി ജൂൺ 17നാണ് പഞ്ചായത്തിൽ പരാതി നൽകിയത്. റോഡരികിലെ അഴുക്കുചാൽ മണ്ണിട്ടുമൂടിയതാണ് മഴവെള്ളം ഒഴുകിപ്പോകാതിരിക്കാനും റോഡ് വ്യാപകമായി തകരാനുമിടയാക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലപരിശോധന നടത്തിയതായി പഞ്ചായത്ത് മറുപടിയിൽ പറഞ്ഞു. അഴുക്കുചാൽ മൂടിയതായി പരാതിയിൽ സൂചിപ്പിച്ച പ്രദേശത്തെ സ്ഥല ഉടമസ്ഥരുടെ വിവരങ്ങൾ പഞ്ചായത്തിന് ലഭ്യമല്ലെന്നും നടപടി സ്വീകരിക്കാൻ അവരുടെ പേരും വിലാസവും ഏഴു ദിവസത്തിനകം രേഖാമൂലം പരാതിക്കാരൻ തന്നെ ഹാജരാക്കണമെന്നുമാണ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രശ്നം പരിഹരിക്കേണ്ട തദ്ദേശ സ്ഥാപനം ഉത്തരവാദിത്തം പരാതിക്കാരന്റെ മേൽ ചുമത്തുന്നതാണ് മറുപടിയെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനയാത്രയും കാൽനടയും ദുരിതമായിരിക്കെ പ്രശ്നപരിഹാരത്തിനുപകരം പരാതിക്കാരനെ പരിഹസിക്കുന്ന രീതിയിലുള്ള മറുപടി നൽകിയതിൽ വിമർശനം ഉയർന്നിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ടും വലിയ കുഴികളും കാരണം ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെയുള്ളവർ അപകടഭീഷണിയിലൂടെയാണ് സഞ്ചരിക്കുന്നത്. മഴ ശക്തമായതോടെ റോഡിന്റെ അവസ്ഥ കൂടുതൽ തകർന്ന് യാത്ര ദുരിതത്തിലായിരിക്കുകയാണ്. അടിയന്തരമായി റോഡ് നവീകരിക്കുകയും വെള്ളം ഒഴുകാനുള്ള അഴുക്കുചാൽ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

