ഇവിടെ മാത്രമല്ല, അങ്ങ് ലണ്ടനിലുമുണ്ട് ബിരിയാണി ചലഞ്ച്
text_fieldsകാളികാവ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയിലേക്കായി ലണ്ടൻ തെരുവിൽ ബിരിയാണി ചലഞ്ചുമായി മലയാളികൾ. നോർതാംപ്ടണിലെ സമീക്ഷ മലയാളി സമാജമാണ് പരിപാടി നടത്തിയത്. മലയാളികൾക്ക് മാത്രം പരിചയമുള്ള ബിരിയാണി ചലഞ്ച് ബ്രിട്ടീഷുകാർക്കും പുതുമയുള്ളതായി. രുചി നാട്ടിലേത് പോലെയാണെങ്കിലും ലണ്ടനിൽ ബിരിയാണിക്ക് ഗമയും വിലയും കൂടുതലാണ്. മലയാളികൾ തന്നെ അപൂർവമായിട്ടാണ് ഇവിടെ ബിരിയാണി തയാറാക്കാറുള്ളത്.
600 ബിരിയാണി പൊതിയാണ് ചലഞ്ചിലൂടെ വിൽപന നടത്തിയത്. ഒരു പൊതി ആറ് പൗണ്ടിനാണ് നൽകിയത്. ഒരു പൗണ്ടിെൻറ മൂല്യം ഇന്ത്യയുടെ 103 രൂപക്ക് മുകളിലാണ്. ഒരു ബിരിയാണിക്കുതന്നെ 600 രൂപയിലേറെയായി. മൂന്ന് പൗണ്ടാണ് നിർമാണ ചെലവ്. രണ്ട് ലക്ഷം രൂപയിലേറെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ലഭിച്ചുവെന്ന് സംഘാടകർ പറഞ്ഞു.
നാട്ടിൽ 100 രൂപ നിരക്കിൽ 5000 ബിരിയാണി പൊതി വിറ്റ് കിട്ടുന്ന ലാഭമാണ് 600 പൊതി കൊണ്ട് ലണ്ടനിലെ മലയാളി സമാജം സമാഹരിച്ചത്. കേരളത്തിലെ ഭൂരിഭാഗം ജില്ലയിലുള്ളവരും ചലഞ്ചിെൻറ ഭാഗമായതായി സമാജം പ്രസിഡൻറ് അഡ്വ. ദിലീപ് കുമാർ പറഞ്ഞു. മലയാളി ബിരിയാണി ഇംഗ്ലീഷുകാർക്കിടയിലും പ്രിയമുള്ളതായതിനാൽ പലരും പങ്കാളികളായി. മലയാളികളുടെ സേവന പാതയിലെ വേറിട്ട വഴി അവർക്കും കൗതുകമായി. ബിരിയാണി തയാറാക്കിയതും വിതരണം ചെയ്തതും സമാജം പ്രവർത്തകർ തന്നെയാണ്. സമീക്ഷ ഭാരവാഹികളായ ശരത് രവീന്ദ്രൻ, ആേൻറാ കുന്നിപറമ്പിൽ, ഡെന്നീസ് ജോസഫ്, കാളികാവിലെ നാഷി പൂക്കോടൻ, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

