വാളക്കുളത്തെ ഇരട്ട വീടുകൾക്ക് മോചനമില്ല; ഭീതിയൊഴിയാതെ കോളനിവാസികൾ
text_fieldsപന്നിക്കോട്ടുമുണ്ട വാളക്കുളം കോളനിയിലെ ഇരട്ട വീടുകളിലൊന്ന്
കാളികാവ്: സംസ്ഥാനത്ത് മിക്കയിടത്തും ലക്ഷംവീട് കോളനി നിവാസികൾക്ക് പുതിയ വീടുകളായെങ്കിലും ചോക്കാട് വാളക്കുളം ലക്ഷംവീടുകാർക്ക് മോചനമായില്ല. ആറ് വീടുകളിലായി 12 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഇടിഞ്ഞുവീഴാറായ ഇരട്ട വീടുകളിലാണ് ദരിദ്രകുടുംബങ്ങൾ ഭീതിയോടെ അന്തിയുറങ്ങുന്നത്. 2018ൽ സംസ്ഥാന സർക്കാർ സ്പെഷൽ ബംബർ ലോട്ടറി വിറ്റ് കിട്ടിയ പണത്തിൽനിന്ന് ഒരു വിഹിതം മാറ്റിവെച്ച് ലക്ഷംവീട് കോളനിക്കാർക്ക് വേണ്ടി പ്രത്യേക ഭവന പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, ഈ പദ്ധതിയിലും ചോക്കാട് ഗ്രാമപഞ്ചായത്ത് ലക്ഷംവീട് കോളനിക്കാരെ ഉൾപ്പെടുത്തിയില്ല.
സംസ്ഥാനത്ത് വാളക്കുളം ഉൾെപ്പടെ 1973ൽ സ്ഥാപിച്ച എം.എൻ. ഗോവിന്ദൻ സ്മാരക ലക്ഷംവീട് കോളനികൾ ജീർണിച്ച് തകർച്ച ഭീഷണിയിലാണ്.
ഇതിന് പരിഹാരമായാണ് സംസ്ഥാന സർക്കാർ ലോട്ടറി വിൽപന നടത്തി പ്രത്യേക പദ്ധതി തയാറാക്കി ഫണ്ട് കണ്ടെത്തിയത്. എന്നാൽ, ചോക്കാട് പഞ്ചായത്ത് അധികൃതർ ഇത് അവഗണിക്കുകയായിരുന്നു. കോളനിക്കാർ പലകുറി ആവശ്യപ്പെട്ടിട്ടും സമരങ്ങൾ നടത്തിയിട്ടും വാളക്കുളം നിവാസികളോടുള്ള അവഗണന തുടരുകയാണ്. ഏത് നിമിഷവും വീഴാറായ വീടുകൾക്കുള്ളിൽ ഭീതിയോടെ കഴിയുകയാണ് വികലാംഗരും വയോധികരും പിഞ്ചുമക്കളുമടക്കമുള്ള കുടുംബങ്ങൾ. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാനുള്ള കൂട്ടരായി മാറിയിരിക്കുകയാണ് തങ്ങളെന്ന് കോളനിക്കാർ പറയുന്നു. ഇരട്ട വീടുകൾ ഒറ്റവീടുകളാക്കാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് ബോർഡ് യോഗങ്ങളിൽ പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടിട്ടുണ്ട്.
വീടുകൾ പുനർനിർമിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് വാർഡ് മെംബർ കെ.ടി. സലീന ആവശ്യപ്പെട്ടു. അധികൃതർ ഇനിയെങ്കിലും കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

