വീട്ടിലെ രഹസ്യ അറയിൽ 825 കിലോ ചന്ദനം; രണ്ടുപേർ പിടിയിൽ
text_fieldsഅബുവും ഹംസയും
കാളികാവ്: വീട്ടിൽ ഒളിപ്പിച്ചുവെച്ച 825 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കൽ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് പിടിയിലായത്.
വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരുടെ വീടുകൾ റെയ്ഡ് ചെയ്തത്. അതീവ രഹസ്യമായി നിർമിച്ച മുറികളിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.
അബുവിെൻറ വീട്ടിൽനിന്ന് 24 ചാക്കും ഹംസയുടെ വീട്ടിൽനിന്ന് ആറ് ചാക്കുമാണ് കണ്ടെടുത്തത്. മണ്ണാർക്കാട് ഭാഗത്തെ പലരിൽനിന്നും ശേഖരിച്ചതാണ് ചന്ദനമെന്ന് കരുതുന്നു.
വനത്തിൽനിന്നും ആദിവാസികളിൽനിന്നുമായി ഔഷധസസ്യങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന തൊഴിലാണ് രണ്ടുപേർക്കും. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
ഡെപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽ വീട്ടിൽ, ഫോറസ്റ്റ് സെക്ഷൻ ഓഫിസർമാരായ ഇ.യു. സുരേഷ് കുമാർ, ലാൽ വി. നാഥ്, വി. വിജയൻ, ബീറ്റ് ഓഫിസർമാരായ കെ. സതീഷ് കുമാർ, അമൃത ലക്ഷ്മി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

