യുദ്ധഭൂമിയിലൂടെ 40 കിലോമീറ്റർ കാൽനടയാത്ര; ദുരിതപർവം താണ്ടി മെഹ്ഷാബ് നാടണഞ്ഞു
text_fieldsമുഹമ്മദ് മെഹ്ഷാബ് മാളിയേക്കലിലെ വീട്ടിൽ
കാളികാവ് (മലപ്പുറം): യുദ്ധത്തിന്റെ ഭീകരമുഖം നേരിൽകണ്ട് യുക്രെയ്നിൽനിന്ന് മെഹ്ഷാബ് നാടണഞ്ഞു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബൂബക്കറിന്റെ മകൻ മെഹ്ഷാബാണ് ക്ലേശങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച പുലർച്ച നാട്ടിലെത്തിയത്.
യുക്രെയ്നിൽ ടർനോപിൽ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ടർനോപിൽനിന്ന് പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെട്ടത്. പടിഞ്ഞാറൻ യുക്രെയ്നിലായിരുന്നു മെഹ്ഷാബിന്റെ താമസം. കിഴക്കൻ യുക്രെയ്നിലാണ് രൂക്ഷയുദ്ധം നടക്കുന്നത്.
ഫെബ്രുവരി 24ന് നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റ് എടുക്കുകയും കീവിലേക്ക് ട്രെയിനിൽ യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ, പകുതി ദൂരം പിന്നിട്ടപ്പോൾ വിമാനം റദ്ദാക്കിയതായി വിവരം കിട്ടി. ഉടൻ തിരികെപ്പോന്നു. ഇന്ത്യൻ എംബസി മുഖേന പോളണ്ടിലൂടെ രക്ഷപ്പെടാൻ തീരുമാനിച്ചു. എന്നാൽ, യാത്രാമധ്യേ കുരുക്കിൽപെടുകയും നാൽപത് കിലോമീറ്റർ ദൂരം നടക്കേണ്ടിവരുകയും ചെയ്തു. വഴിയിൽ യുക്രെയ്ൻ ജനത ഭക്ഷണവും വെള്ളവും താമസസൗകര്യവും നൽകിയതായി മെഹ്ഷാബ് പറഞ്ഞു.
പോളണ്ട് അതിർത്തിയിൽ യുക്രെയ്ൻ പട്ടാളക്കാർ മോശമായാണ് പെരുമാറിയത്. ഇതിനാൽ ഒരുദിവസം യാത്ര മുടങ്ങി. ഇന്ത്യൻ എംബസി രണ്ടാം ദിവസം ഇടപെട്ടതിനെ തുടർന്നാണ് യാത്രക്ക് അവസരം കിട്ടിയത്. പോളണ്ടിൽനിന്ന് കേന്ദ്രസർക്കാർ ഡൽഹിയിൽ എത്തിച്ചു. അവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് കേരള സർക്കാർ മെഹ്ഷാബ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ എത്തിച്ചു. മകൻ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് പിതാവ് അബൂബക്കറും മാതാവ് റംലത്തും സഹോദരങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

