കലൈക്കോട്ടക്കൽ
text_fieldsപഞ്ചവാദ്യം മത്സരത്തിൽ പങ്കെടുത്ത ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കോട്ടക്കൽ: വരയും വർണങ്ങളും വിസ്മയങ്ങളും താളമേളങ്ങളുമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിന് ആയുർവേദനഗരമായ കോട്ടക്കലിൽ തുടക്കം. അഞ്ച് രാപകലുകളിലായി കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കലയഴക് അരങ്ങേറുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിൽനിന്നും 5,936 കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. അഞ്ച് വേദികളിലായി 106 ഇനങ്ങളിലാണ് മത്സരം.
ആദ്യ ദിനമായ വ്യാഴാഴ്ച ചിത്രരചന, കാർട്ടൂൺ, ജലഛായം, എംബ്രോയിഡറി, പഞ്ചവാദ്യം, മദ്ദളം തുടങ്ങി ഓഫ് സ്റ്റേജ്, ഓൺ സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി. രണ്ടാം ദിനമായ വെള്ളിയാഴ്ച 19 ഇനങ്ങളിലായാണ് മത്സരം. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, റിജിൽ മാക്കുറ്റി എന്നിവർ മുഖ്യാതിഥികളായി. നടന്മാരായ കുഞ്ചാക്കോ ബോബൻ, സുധീഷ്, സംവിധായകനും നടനുമായ ദിലീഷ് പോത്തൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. കോട്ടക്കൽ നഗരസഭ അധ്യക്ഷൻ കെ.കെ. നാസർ സപ്ലിമെന്റ് കവർ പ്രകാശനം നിർവഹിച്ചു. യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു, യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, ടി.പി. ഹംസ ഹാജി തുടങ്ങിയവർ സംസാരിച്ചു.
സഹപാഠികളുടെ ഓർമയിൽ വേദികൾ
കോട്ടക്കൽ: കോട്ടക്കലിൽ നടക്കുന്ന ഇൻറർസോൺ കലോത്സവത്തിന്റെ വേദികൾ ശ്രദ്ധേയമാകുന്നു. കലാലയ ജീവിതത്തിൽ വംശവെറിയുടേയും മറ്റും കാരണത്താൽ ജീവിതം ഹോമിക്കപ്പെട്ട സഹപാഠികളുടെ പേരുകൾ ഓർമിപ്പിച്ചാണ് വേദികൾ നിലകൊള്ളുന്നത്. ഒന്നാം വേദിക്ക് നിതിൻ രാജ്, രണ്ടാം വേദിക്ക് രോഹിത് വെമുലയെന്നുമാണ് പേരിട്ടിരിക്കുന്നത്. ഫാത്തിമ ലത്തീഫ്, ദർശൻ സോളങ്കി, ആയുഷ് അഷാന എന്നിങ്ങനെയാണ് മറ്റു വേദികളുടെ പേരുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

