കൈനോട് ഉപതെരഞ്ഞെടുപ്പ്:ഭൂരിപക്ഷം കുത്തനെ കുറഞ്ഞു; കഷ്ടിച്ചു നിലനിർത്തി എൽ.ഡി.എഫ്
text_fieldsമലപ്പുറം നഗരസഭയിലെ കൈനോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സി. ഷിജുവിനെ തോളിലേറ്റി നടത്തിയ ആഹ്ലാദ പ്രകടനം
മലപ്പുറം: നഗരസഭയിലെ കൈനോട് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കഷ്ടിച്ച് നിലനിർത്തി എൽ.ഡി.എഫ്. കനത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുത്തനെ കുറക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും സ്വന്തം കോട്ടയായ വാർഡ് നിലനിർത്താനായതിന്റെ ആശ്വാസത്തിലാണ് എൽ.ഡി.എഫ്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ 363 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നത്.
ഇത് 12 ലേക്ക് കുറക്കാനായത് തങ്ങളുടെ നേട്ടമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. വ്യാഴാഴ്ച രാവിലെ പത്തുമുതൽ നഗരസഭ കാര്യാലയത്തിലായിരുന്നു വോട്ടെണ്ണൽ. 10.30ഓടെ ഫലമെത്തി. ഇരുവിഭാഗവും വിജയപ്രതീക്ഷയിലായിരുന്നു. ഫലമെത്തിയതോടെ യു.ഡി.എഫ് പ്രവർത്തകർ മടങ്ങി. ചെങ്കൊടി പറത്തിയും പടക്കം പൊട്ടിച്ചും എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു. 2020ൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. റിറ്റുവിന് 1,112 ഉം യു.ഡി.എഫ് സഥാനാർഥി അരുൺകുമാറിന് 749 വോട്ടുമാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി സി. ഷിജുവിന് 1019 ഉം യു.ഡി.എഫ് സ്ഥാനാർഥി സുജാത പരമേശ്വരന് 1007 വോട്ടുമാണ് ലഭിച്ചത്. ഇക്കുറി 165 പേർ കൂടുതൽ വോട്ട് ചെയ്തെങ്കിലും എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു.
ഇടതുപക്ഷത്തിന് മുൻതവണത്തെക്കാൾ 93 വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫിന് 258 വോട്ട് കൂടി. വെൽഫെയർ പാർട്ടി പിന്തുണ ഇക്കുറി യു.ഡി.എഫിന് ലഭിച്ചതും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയാനിടയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ വെൽഫെയർ പാർട്ടി എൽ.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നത്. റിറ്റുവിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ തുടക്കം മുതൽ ഇരുപക്ഷവും ശക്തമായി രംഗത്തുണ്ടായിരുന്നു.
വാർഡ് രൂപവത്കരിച്ചതിനുശേഷം ഒരു തവണ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. 2010ൽ ഒരുവോട്ടിന്. ബാക്കിയുള്ള സമയങ്ങളിൽ എല്ലാം ഇടതുപക്ഷത്തോടൊപ്പം ഉറച്ച നിന്ന വാർഡാണ് കൈനോട്. 2015ൽ ഇടത് സ്ഥാനാർഥിയായി മത്സരിച്ച കൊന്നോല സുമയ്യ അൻവറിന് 243 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. സുമയ്യക്ക് 830 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സലീന ജാസ്മിന് 587 വോട്ടാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

