കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ: നടപടികൾ വേഗത്തിലാക്കും
text_fieldsകാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ നിർമാണം വിലയിരുത്താൻ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ
അധ്യക്ഷതയിൽ നടന്ന യോഗം
കാടാമ്പുഴ: കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. കോട്ടക്കൽ, എടയൂർ, പുത്തനത്താണി, കാടാമ്പുഴ പ്രദേശങ്ങൾക്കാണ് ഈ സബ്സ്റ്റേഷന്റെ ഗുണം പ്രധാനമായും ലഭിക്കുക.
നിലവിൽ എടരിക്കോട് 110 കെ.വി സബ് സ്റ്റേഷൻ, കുറ്റിപ്പുറം 110 കെ.വി സബ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി ഫീഡ് ചെയ്യുന്നത്. സബ് സ്റ്റേഷനുകളിൽ നിന്നുള്ള ദൂരകൂടുതൽ കാരണം വോൾട്ടേജ് ഡ്രോപ്പും വൈദ്യുത വിതരണ തടസ്സവും ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമായാണ് കാടാമ്പുഴ മരവട്ടത്ത് 110 കെ.വി സബ് സ്റ്റേഷൻ നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.
സ്ഥല വില നിശ്ചയിക്കലടക്കം നടപടികളാണ് റവന്യൂ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഇപ്പോൾ നടത്തുന്നത്. നിർദിഷ്ട സബ് സ്റ്റേഷനിലേക്കുള്ള 110 കെ.വി ഡബിൾ സർക്യൂട്ട് നിർമാണത്തിനുള്ള നടപടികൾ കെ.എസ്.ഇ.ബി ഇതിനകം ആരംഭിച്ചിട്ടുണ്ട്. എടയൂർ, മേൽമുറി, മാറാക്കര , കുറുവ, വില്ലേജുകളിലൂടെയാണ് നിർദിഷ്ട ലൈൻ കടന്നുപോവുക. ലൈൻ നിർമാണത്തിനുള്ള വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഥമിക സർവേ പ്രകാരം ലൈൻ നിർമാണത്തിന് സാധ്യത പഠനവും ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയറുടെ അംഗീകാരം ലഭിച്ച റൂട്ടുകളിൽ വിശദ പ്രൊഫൈൽ സർവേയും നടത്തിയിരുന്നു.
ഇതനുസരിച്ച് ടവർ നമ്പറുകളും ടവർ ടൈപ്പും നിർണയിക്കുന്ന ടവർ ഷെഡ്യൂൾ അവസാന ഘട്ടത്തിലാണ്. ഫൗണ്ടേഷൻ ഡിസൈനിനായുള്ള മണ്ണ് പരിശോധന റിപ്പോർട്ട് കഴിഞ്ഞ 10ന് ലഭിച്ചിട്ടുണ്ട്. ടവർ ഷെഡ്യൂൾ, ഫൗണ്ടേഷൻ ഡിസൈൻ എന്നിവക്ക് അംഗീകാരമാകുന്നതോടെ അന്തിമ എസ്റ്റിമേറ്റ് നിർണയിച്ച് ലൈൻ വർക്ക് പ്രവൃത്തി ടെണ്ടർ ചെയ്യാനാകും.
ജൂൺ 15 ഓടെ ടെൻഡർ നടപടികളും ആഗസ്റ്റ് ആദ്യത്തോടെ ലൈൻ നിർമാണവും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥലം ബോർഡിന് കൈമാറുന്നതോടെ സബ്സ്റ്റേഷൻ നിർമാണവും ആരംഭിക്കാനാകും. ബേസിക് വാല്യൂ റിപ്പോർട്ട് (ബി.വി.ആർ) അംഗീകാരത്തിന് കലക്ടർക്കും ജില്ല സർവേ സൂപ്രണ്ടിന് അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് തഹസിൽദാർ യോഗത്തിൽ അറിയിച്ചു.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജിത നന്നേങ്ങാടൻ, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹീം, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉമ്മർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.പി. കുഞ്ഞി മുഹമ്മദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. നാസിബുദ്ദീൻ,
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.പി. ജാഫർ അലി, പാമ്പലത്ത് നജ്മത്ത്, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സീന ജോർജ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം.കെ. സുദേവ് കുമാർ, ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ തഹസിൽദാർ കെ.ടി. അബ്ദുൽ ഹലീം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി. വിജയൻ, പി. ഫ്രൈലി തുടങ്ങിയവരും വിവിധ പഞ്ചായത്തുകളിലേയും റവന്യൂ, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ഉദ്യോഗസ്ഥരും യോഗത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

