ജൽ ജീവൻ പദ്ധതി: ഈ വേനലിലും കുടിവെള്ള വിതരണം നടക്കില്ല
text_fieldsകാളികാവ്-തുവ്വൂർ റോഡിനു സമീപം കൂട്ടിയിട്ട ജൽജീവൻ പദ്ധതിക്കായുള്ള പൈപ്പുകൾ
കാളികാവ്: ഫണ്ട് ലഭിക്കാത്തത് കാരണം ജൽജീവൻ മിഷൻ പദ്ധതി പ്രാവർത്തികമാകൽ വൈകുന്നു. നാട് കടുത്ത വേനലിലേക്ക് നീങ്ങുമ്പോഴും പലയിടത്തും പദ്ധതി ഈ വർഷവും വരില്ലെന്ന് വ്യക്തമായി. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 3.69 ലക്ഷം ഗ്രാമീണ വീടുകളിലാണ് കുടിവെള്ള കണക്ഷന്‍ നല്‍കിയത്.
ജില്ലയിലെ ആകെ 7.97 ലക്ഷം ഗ്രാമീണ വീടുകളില്‍ ഇനി 4.27 ലക്ഷം വീടുകള്‍ക്കുകൂടി കണക്ഷന്‍ ലഭ്യമാക്കാനുണ്ട്. പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് ജില്ലയിലുണ്ടായിരുന്നത് 1.43 ലക്ഷം കണക്ഷനുകള്‍ മാത്രമായിരുന്നു. സംസ്ഥാനത്താകെ ഇതുവരെ 38.84 ലക്ഷം കണക്ഷനുകളാണ് പദ്ധതിക്കു കീഴില്‍ നല്‍കിയിട്ടുള്ളത്. 44,714 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ തുല്യമായാണ് വഹിക്കുന്നത്. പൈപ്പ് ലൈനുകള്‍, ടാങ്കുകള്‍, ശുദ്ധീകരണശാലകള്‍ എന്നിവയുടെ നിർമാണവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. കരാറുകാർക്ക് വൻതുക കുടിശ്ശിക നൽകാനുണ്ട്. കേന്ദ്ര വിഹിതത്തിന്‍റെ കുറവ് തരണം ചെയ്യാനായി ജല അതോറിറ്റിക്ക് നബാർഡിൽനിന്ന് 9000 കോടി രൂപ വായ്‌പ എടുക്കാൻ സർക്കാർ തത്ത്വത്തിൽ അനുമതി നൽകിയിരുന്നു.
പദ്ധതിയിൽ ലക്ഷം കിലോമീറ്ററിലധികം പഞ്ചായത്ത് റോഡുകളിലൂടെയാണ് പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ളത്. ഇതിൽ 56,000ത്തിലധികം കിലോമീറ്ററിൽ മാത്രമാണ് പൈപ്പ്‌ലൈൻ സ്ഥാപിച്ചത്.
ജൽ ജീവൻ മിഷൻ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എ.പി.എൽ- ബി.പി.എൽ വ്യത്യാസമില്ലാതെ തുച്ഛമായ 10 ശതമാനം -അതായത്, 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം മാത്രം അടച്ച് പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്. കേന്ദ്രസർക്കാർ 45 ശതമാനം വിഹിതം സംസ്ഥാന സർക്കാർ 30 ശതമാനം വിഹിതം ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതം ആകെ 90 ശതമാനം ഗവൺമെൻറ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്ത് മൂന്നു വർഷംകൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജൽജീവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

