ജൽ ജീവൻ ചതിച്ചാശാനേ... ചളിവെള്ളം കടയിലേക്ക് ഇരച്ചുകയറി
text_fieldsജൽ ജീവൻ പദ്ധതിക്കായി കുഴിയെടുത്തതോടെ മഴയിൽ ചളിവെള്ളം പെരുമ്പടപ്പിലെ
കടയിലേക്ക് ഇരച്ചുകയറിയ നിലയിൽ
പെരുമ്പടപ്പ്: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുത്ത റോഡരികിലെ കടയിലേക്ക് ചളിവെള്ളം കയറി നഷ്ടം സംഭവിച്ചു. ശനിയാഴ്ചയാണ് പെരുമ്പടപ്പ് സെന്ററിലെ ശിഹാബിന്റെ ഉടമസ്ഥതയിലുള്ള സൈൻ കലക്ഷന് മുന്നിലെ റോഡ് വെട്ടിപ്പൊളിച്ചത്. ശക്തമായ മഴയിൽ തൊട്ടടുത്ത കാന വഴി ഒഴുകിപ്പോകേണ്ട വെള്ളം ഗതിമാറി ഒഴുകി കടയിലേക്ക് കയറുകയായിരിന്നു. കടയിലേക്ക് കൊണ്ടുവന്ന സ്റ്റോക്കുകൾ ഉൾപ്പെടെ ചളിവെള്ളത്തിൽ മുങ്ങിനശിച്ചു. രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ മുൻഭാഗവും കടക്കകത്തും ചളിവെള്ളം നിറഞ്ഞ സ്ഥിതിയിലായിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്താണ് കടക്കകത്തെ ചളിനീക്കം ചെയ്തത്. വാട്ടർ അതോറിറ്റിയിൽ വിവരമറിയിച്ചതിനെത്തുടർന്ന് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയതായി കടയുടമ ശിഹാബ് പറഞ്ഞു. അതേസമയം ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ട റോഡുകൾ അറ്റകുറ്റപണികൾ നടത്താത്തതിനാൽ ഗതാഗത ദുരിതം നേരിടുകയാണ്.