തിരൂരിൽ നിന്ന് തീരദേശത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിലച്ചിട്ട് പതിറ്റാണ്ട്
text_fieldsതിരൂർ: തിരൂർ ബസ് സ്റ്റാൻഡിൽനിന്ന് തീരദേശ ഗ്രാമങ്ങളിലേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ നിലച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായിട്ടും പുനരാരംഭിക്കാൻ നടപടിയില്ല. ടൂ 2011ൽ പി.പി. അബ്ദുല്ലക്കുട്ടി എം.എൽ.എയായിരുന്ന കാലത്താണ് തിരൂരിൽനിന്ന് സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തിയിരുന്ന തീരദേശ റൂട്ടുകളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചത്. അന്ന് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗമായിരുന്ന പരേതനായ ആർ. മുഹമ്മദ് ഷായുടെ പ്രത്യേക ഇടപെടലുമുണ്ടായിരുന്നു. പിന്നീട് സി. മമ്മൂട്ടി എം.എൽ.എയായിരുന്ന കാലത്തും പുതിയ റൂട്ടുകൾ അനുവദിച്ചു. എന്നാൽ, സർവിസുകൾ ലാഭകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 2016ഓടെ എല്ലാ സർവിസുകളും അവസാനിപ്പിച്ചു. തിരൂരിൽ നിന്ന് പുറത്തൂരിലേക്ക് ആലിങ്ങൽ വഴിയും ആലത്തിയൂർ വഴിയും ഓരോ സർവിസുകൾ, മംഗലം വഴി കുട്ടായി അഴിമുഖത്തേക്ക് സർവിസ്, വെട്ടം ചീർപ്പിൽനിന്ന് വൈരങ്കോട്ടേക്കുള്ള സർവിസ് എന്നിവയായിരുന്നു പ്രധാന റൂട്ടുകൾ. പുറത്തൂരിൽനിന്ന് മലപ്പുറത്തേക്കും വെട്ടത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കും കെ.എസ്.ആർ.ടി.സി സർവിസുകൾ ഉണ്ടായിരുന്നു.
സ്വകാര്യ ബസുകൾ രാത്രി സർവിസുകൾ മുടക്കുമ്പോൾ യാത്രക്കാർക്ക് ആശ്രയമായിരുന്നത് കെ.എസ്.ആർ.ടി.സിയായിരുന്നു. പടിഞ്ഞാറെക്കര അഴിമുഖം ടൂറിസം കേന്ദ്രത്തിലേക്ക് എത്തുന്ന സന്ദർശകർക്ക് രാത്രിയിലും യാത്രാസൗകര്യം ലഭിച്ചതും ഈ സർവിസുകളുടെ പ്രത്യേകതയായിരുന്നു. അഴിമുഖത്തുനിന്ന് പൊന്നാനിയിലേക്കുള്ള ജങ്കാർ സർവിസുകളുടെ സമയക്രമവും കെ.എസ്.ആർ.ടി.സി ബസുകളുമായി ബന്ധിപ്പിച്ചായിരുന്നു ക്രമീകരിച്ചിരുന്നത്.
ചമ്രവട്ടം പാലം വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുണ്ടായിരുന്ന ലോ ഫ്ലോർ കെ.യു.ആർ.ടി.സി സർവിസ് നിലച്ചതും പ്രവാസികളെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദേശസാത്കൃത റൂട്ടായ ചമ്രവട്ടം പാലം വഴി പൊന്നാനി ഡിപ്പോയിൽനിന്ന് തീരദേശ മേഖലയിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി സർവിസുകൾ അനുവദിക്കുമെന്ന വാഗ്ദാനവും യാഥാർഥ്യമായിട്ടില്ല. നിലവിൽ പരപ്പനങ്ങാടിയിലേക്കുള്ള ഒരു സർവിസ് മാത്രമാണ് ഈ മേഖലയെ ആശ്രയിക്കുന്നത്.
കൂട്ടായി പാലം തകർന്നതിനെത്തുടർന്ന് റൂട്ടുകളിൽ മാറ്റം വന്ന സാഹചര്യത്തിൽ പുതുതായി നിർമിച്ച കാവിലക്കാട്– നായർതോട് പാലം വഴി സർവിസ് ആരംഭിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.
പുലർച്ചെയും രാത്രിയും കുറഞ്ഞത് ഓരോ സർവിസുകളെങ്കിലും തീരദേശ മേഖലയിലേക്ക് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

