എന്ന് അഴിയും, അരീക്കോട് അങ്ങാടിയിലെ ഗതാഗതക്കുരുക്ക്
text_fieldsഅരീക്കോട് വാഴക്കാട് ജങ്ഷനിലെ ഗതാഗതക്കുരുക്ക്
അരീക്കോട്: അരീക്കോട് അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹാരമില്ലാതെ തുടരുന്നു. വാഴക്കാട് ജങ്ഷനാണ് കുരുക്കിന്റെ കേന്ദ്രം. വൈകുന്നേരങ്ങളിലാണ് പ്രധാനമായും പ്രശ്നം രൂക്ഷമാകുന്നത്. ഈ സമയം ഇതിലൂടെ വാഹനവുമായി എത്തുന്നവർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
എടവണ്ണപ്പാറ, മുക്കം, അരീക്കോട് അങ്ങാടിയിൽ നിന്നും മൂന്നും കൂടിയ ജങ്ഷനിലേക്ക് ഒരേ സമയം വാഹനങ്ങൾ എത്തുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. വൈകുന്നേരങ്ങളിൽ വാഹനനിര പുത്തലം അങ്ങാടി വരെ നീളും. കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിലെ അരീക്കോട് അങ്ങാടിയിൽ വർഷങ്ങളായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതിന് ശാശ്വത പരിഹാരമായാണ് വ്യാപാരികൾ ഉൾപ്പെടെ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ കോടികൾ ചെലവഴിച്ച് റോഡ് വികസനവും അങ്ങാടിയുടെ സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. എന്നാൽ റോഡ് നിർമാണം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞിട്ടും ഗതാഗതക്കുരുക്ക് പഴയതുപോലെ തുടരുകയാണ്. എം.പി.ബി ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡും റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന ആക്ഷേപണമുണ്ട്. ഇത് സംബന്ധിച്ച് ‘മാധ്യമം’ നിരവധി തവണ വാർത്തകൾ നൽകിയിരുന്നെങ്കിലും പരിഹാര നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിനിടെ അരീക്കോട് പൊലീസ് ചെറിയ രീതിയുള്ള ഗതാഗത പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. അധികൃതർ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ വ്യാപാരികളുടെയും നിലവിലെ ആവശ്യം. വൈകുന്നേരങ്ങളിലെ കുരുക്ക് വ്യാപാരികൾക്കും വലിയ തിരിച്ചടിയാണ് നൽകുന്നത്. സ്കൂൾ വീണ്ടും തുറന്നതോടെ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാനാകാത്ത അവസ്ഥയുമുണ്ട്. നിലവിൽ വാഴക്കാട് ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ ഒരു പോലീസുകാരൻ ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
എന്നാൽ ഇതുകൊണ്ടൊന്നും തിരക്കേറുന്ന സമയങ്ങളിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

