കന്നുകാലികൾക്ക് സാന്ത്വനം; ഇസ്മായിലിന്റെ ‘ഹിറ്റ് ലോക്ക്’ ഹിറ്റായി
text_fieldsകൗ ലിഫ്റ്റും ചെയിൻ ബ്ലോക്കുമുപയോഗിച്ച് പശുവിനെ ഉയർത്തിനിർത്തുന്നു
വേങ്ങര: ചെണ്ടപ്പുറായയിൽ കളവൂർ കൂരിയാട്ട് കമലമ്മയുടെ തളർന്നുവീണ പശുവിന് ചികിത്സനൽകിയ, ക്ഷീരകർഷകൻ ചേറൂർ കരിമ്പിൽ ഇസ്മായിലിന്റെ മൃഗ സാന്ത്വന ചികിത്സ മാതൃകയാവുന്നു. കമലമ്മയുടെ വരുമാനമാർഗമായിരുന്ന പശു തൊടിയിൽ തളർന്ന് വീണതോടെയാണ് ഇവർ സഹായത്തിനായി മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കൂടിയായ ഇസ്മായിലിനെ വിളിച്ചത്.
ഇസ്മായിൽ ഹിറ്റ് ലോക്കുമായി എത്തിയപ്പോഴേക്കും പശു ഏറെ അവശയായിരുന്നു. ചെയിൻ ബ്ലോക്ക് ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ ഉയർത്തിനിർത്തി. കാലുകളിൽ ഏറെനേരം ഫിസിയോതെറപ്പിയും ചൂടുപിടിപ്പിക്കലും കഴിഞ്ഞതോടെ വെള്ളവും ഭക്ഷണവുമെടുക്കാൻ തുടങ്ങി.
എ.ആർ നഗർ വെറ്ററിനറി സർജന്റെ കൂടി സഹായത്തോടെ രണ്ടുദിവസം ചികിത്സ തുടർന്നതോടെ പശു നടക്കാൻ തുടങ്ങി. ഏഴു പശുക്കളുള്ള കമലാക്ഷി അമ്മയുടേയും കുടുംബത്തിന്റെയും വരുമാനമാർഗം കറവ മാത്രമാണ്. നാട്ടിൽ പലരും ക്ഷീരകൃഷിയിൽ സജീവമായതോടെയാണ് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ‘കന്നുകാലി സാന്ത്വന ചികിത്സ’ എന്ന ആശയത്തിന് തുടക്കംകുറിച്ചത്.
അനാപ്ലാസ്മ തുടങ്ങിയ സാംക്രമിക രോഗങ്ങൾ ബാധിച്ച് വീണുപോകുന്ന പശുക്കളെ ഉയർത്തി നിർത്തി ചികിത്സ നൽകാൻ ജില്ലയിൽ അപൂർവ ഇടങ്ങളിൽ മാത്രമാണ് സംവിധാനമുള്ളത്. നിലമ്പൂരിൽ ചേർന്ന എം.ഡി.എഫ്.എ ജില്ല സമ്മേളനമാണ് ഇത്തരം ചികിത്സകൾക്കായി ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
മൂന്നുവീതം കൗ ലിഫ്റ്റ്, കാഫ് പുള്ളർ എന്നിവയും ആറ് ചെയിൻ ബ്ലോക്കുമാണ് ഒന്നര ലക്ഷം രൂപയിലധികം മുടക്കി വാങ്ങിയത്. ഇവ വേങ്ങര, നിലമ്പൂർ, താനൂർ കേന്ദ്രങ്ങളിലാണ് ഉള്ളതെങ്കിലും ജില്ലയിൽ എവിടെനിന്ന് വിളിച്ചാലും എത്തുമെന്ന് ഇസ്മായിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

