വേങ്ങരയുടെ കായിക സ്വപ്നങ്ങൾക്ക് തിരിച്ചടി
text_fieldsവേങ്ങര: വേങ്ങരയുടെ കായിക സ്വപ്നങ്ങൾക്ക് തിരിച്ചടിയായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം പാതിവഴിയിൽ. ഊരകം പഞ്ചായത്തിൽ കോങ്കടപ്പാറയിലാണ് ഏകദേശം രണ്ടര ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര സ്പോർട്സ് അക്കാദമി എന്ന പേരിൽ 2022ൽ സ്റ്റേഡിയം നിർമാണം ആരംഭിക്കുന്നത്. 2025 സെപ്റ്റംബറിൽ ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ നൽകിയ വിവരാവകാശ രേഖ പ്രകാരം 8.95 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന് വകയിരുത്തിയത്. അതിൽ അഞ്ചു കോടിയോളം രൂപ ചെലവഴിച്ചതായും പറയുന്നു.
ഊരകം മലയുടെ താഴ്വാരത്തിൽനിന്ന് കരിങ്കല്ല് പൊട്ടിച്ചെടുത്ത കോറികളും, ചെറിയ കുന്നുകളും നിറഞ്ഞ ഈ പ്രദേശം നികത്തിയെടുത്താൽ മാത്രമേ ഇവിടെ സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. താഴെ ഭാഗത്ത് കോൺക്രീറ്റ് ഭിത്തി കെട്ടുന്ന പണി മാത്രമാണ് നടന്നത്. കുണ്ടുള്ള ഭാഗങ്ങളിൽ എം സാൻഡ് വേസ്റ്റും തട്ടിയിട്ടുണ്ട്. ഇതിനു മാത്രമായാണ് അഞ്ചു കോടി രൂപ ചെലവഴിച്ചിട്ടുള്ളത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, ജില്ല പഞ്ചായത്ത് ഫണ്ട്, സംസ്ഥാന സ്പോർട്സ് വകുപ്പ് അനുവദിക്കുന്ന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്റ്റേഡിയം പണി പൂർത്തിയാക്കുക എന്ന് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പറയുന്നു. ഊരകം പഞ്ചായത്തിന്റെ ആസ്തിയിലുള്ള ഈ സ്ഥലം സ്റ്റേഡിയം നിർമാണത്തിനായി ജില്ല പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.
മണ്ഡലത്തിനനുവദിച്ച സ്റ്റേഡിയം വൈകാതെ പണി പൂർത്തീകരിച്ചു നാട്ടുകാർക്ക് ഉപയോഗ യോഗ്യമാക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു. അതേസമയം, വേങ്ങരയിലൊരു അന്താരാഷ്ട്ര സ്റ്റേഡിയമെന്ന സ്വപ്നം ഉടൻ പൂവണിയുമെന്നും ഇലവൻസ് ഫുട്ബോൾ കോർട്ട്, വോളിബാൾ കോർട്ട്, സ്വിമ്മിങ് പൂൾ എന്നിവയടങ്ങിയ ഇന്റർ നാഷണൽ സ്പോർട്സ് അക്കാദമി നിലവിൽ വരുമെന്നും ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം ടി.പി.എം ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

