അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളനം: മലയാളത്തിൽനിന്ന് രണ്ട് പേർ
text_fieldsഅക്ബറലി, നത ഹുസൈൻ
മലപ്പുറം: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ വെള്ളിയാഴ്ച ആരംഭിച്ച അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളത്തിൽ പങ്കെടുക്കാൻ മലയാളികളായ രണ്ടുപേർക്ക് അവസരം. അക്ബറലി ചാരങ്കാവ്, ഡോ. നത ഹുസൈൻ എന്നിവർക്കാണ് ഇത്തവണ അവസരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് നാല് പേർക്കാണ് അവസരം ലഭിച്ചത്.
ഇന്റർനെറ്റിലെ സൗജന്യ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ അനുബന്ധ സംരഭങ്ങളിലൊന്നാണ് എജ്യുവിക്കി. ബെൽഗ്രേഡിൽ മേയ് 28 വരെയാണ് പരിപാടി നടക്കുന്നത്. സെക്കൻഡറി സ്കൂളിലെ വിക്കിഡാറ്റ പ്രവർത്തനങ്ങളെ കുറിച്ച് അക്ബറലിയും നിർമിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നത ഹുസൈനും അവതരണം നടത്തും.
വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയിൽ അഹമ്മദ് കുട്ടിയുടെയും മകനാണ് അക്ബറലി. ഭാര്യ: ആയിശ മർജാന. മകൾ: ഫാത്തിമ മറിയം. പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്ക് മാനേജരായ ഹുസൈന്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷകയായ ജുവൈരിയയുടെയും മൂത്തമകളാണ് നത ഹുസൈൻ. ഭർത്താവ് അൻവർ ഹുസൈൻ.