ഇൻഷുറൻസ് ക്ലെയിം തള്ളിയത് വീഴ്ച; 5.26 ലക്ഷം നൽകാൻ ഉത്തരവ്
text_fieldsമലപ്പുറം: മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം മതിയായ കാരണമില്ലാതെ നിരസിച്ചത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തി, സ്റ്റാർ ഹെൽത്ത് അലൈഡ് ഇൻഷുറൻസ് കമ്പനി പരാതിക്കാരിക്ക് 5,26,366 രൂപ നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷന്റെ ഉത്തരവ്. കൽപകഞ്ചേരി സ്വദേശിനി അജിത നൽകിയ പരാതിയിലാണ് കമീഷൻ പ്രസിഡൻറ് മോഹൻദാസ് കെ. അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
2024 മാർച്ച് 11ന് പടിയിൽനിന്ന് വീണ് പരിക്കേറ്റ പരാതിക്കാരി വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചികിത്സാച്ചെലവുകൾക്കായി മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരിക്ക് മുമ്പേ ഉണ്ടായിരുന്ന ദീർഘകാല ലിഗമെന്റ് സംബന്ധമായ രോഗാവസ്ഥയാണെന്നും പോളിസി വ്യവസ്ഥപ്രകാരം ആദ്യ 24 മാസത്തേക്ക് ഇത്തരം ചികിത്സകൾക്ക് പരിരക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചത്.
എന്നാൽ, പരാതിക്കാരിയുടെ ചികിത്സാരേഖകളും ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റും പരിശോധിച്ച കമീഷൻ, പരിക്ക് അപകടത്തെ തുടർന്നുണ്ടായതാണെന്നും രോഗാവസ്ഥയല്ലെന്നും കണ്ടെത്തി. അതിനാൽ ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചതിന് ന്യായീകരണമില്ലെന്നും ഇത് സേവനത്തിലെ വീഴ്ചയാണെന്നും കമീഷൻ വിലയിരുത്തി. പരാതിക്കാരി സമർപ്പിച്ച മൂന്ന് ക്ലെയിമുകളിലായി ആകെ 4,16,366 രൂപ ചികിത്സക്ക് ചെലവായതാണെന്നും ആ തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കമീഷൻ നിർദേശവും നൽകി. കൂടാതെ, സേവനത്തിലെ വീഴ്ച മൂലമുണ്ടായ മാനസിക ബുദ്ധിമുട്ടിനും പ്രയാസങ്ങൾക്കും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവായ 10,000 രൂപയും നൽകാനും ഉത്തരവിട്ടു. പരാതിക്കാരിക്കുവേണ്ടി മഞ്ചേരി ബാറിലെ അഡ്വ. കെ.വി. യാസർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

