അജൈവ മാലിന്യ സംഭരണം; ചെറുകാവില്‍ എം.സി.എഫ് യാഥാര്‍ഥ്യമായി
text_fieldsചെറുകാവ് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച എം.സി.എഫ് കലക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
ചെറുകാവ്: അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരിക്കുന്നതിനും തരംതിരിച്ച് വേര്‍തിരിക്കുന്നതിനുമുള്ള എം.സി.എഫ് ചെറുകാവ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐക്കരപ്പടി കല്ലറക്കുന്നുമ്മലിലാണ് കേന്ദ്രം തുറന്നത്.
മുഴുവന്‍ വാര്‍ഡുകളിലെയും വീടുകളില്‍നിന്നും മറ്റ് കേന്ദങ്ങളില്നിന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എത്തിച്ച് വേര്‍തിരിച്ച ശേഷം സംസ്കരണ കേന്ദ്രങ്ങളിലേക്ക് കയറ്റിയയക്കും. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി പൂര്‍ണമായും പ്രകൃതി സൗഹൃദമായിട്ടാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെ നിറപങ്കാളിത്തത്തോടെ നടന്ന ചടങ്ങില്‍ കലക്ടര്‍ വി.ആര്. വിനോദ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുപുറമെ പഞ്ചായത്ത് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ബഡ്സ് സ്കൂള്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, പകല്‍വീട്ടിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി മാതൃകാപരമാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
മാലിന്യ ശേഖരണത്തിന് ചുമതലയുള്ള ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങളും കലക്ടര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങല്‍, സ്ഥിരംസമിതി അധ്യക്ഷരായ ആഷിഖ്, കെ.വി. മുരളീധരന്, കെ.ടി. ഖയറുന്നീസ, സെക്രട്ടറി എ.കെ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

