ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിത പെരുമാറ്റം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് തെളിവെടുപ്പ്
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിത പെരുമാറ്റത്തിനെതിരെ ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം തെളിവെടുപ്പ് നടത്തി.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് വിഭാഗം ഡോ. സക്കീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ തെളിവെടുപ്പ് രാത്രി ഒമ്പത് വരെ നീണ്ടു.
രാവിലെ ആശുപത്രിയിലെത്തിയ സംഘം ആദ്യം ജീവനക്കാരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ശേഷം പരാതിക്കാരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. തിരൂരങ്ങാടി നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ. റസാഖ്, പൊതുപ്രവര്ത്തകന് അഷ്റഫ് കളത്തിങ്ങല്‍ പാറ, ജനുവരി രണ്ടിന് ഡോക്ടര്‍ ഉറങ്ങിയത് കാരണം ജീവന് നഷ്ടപ്പെട്ട മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരന്, അബൂബക്കര്‍ മുസ്ലിയാരെ ആശുപത്രിയിലേക്ക് എത്തിച്ച ഓട്ടോ ഡ്രൈവര്‍, അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ജീവനുണ്ടായിരുന്നുവെന്ന് പറഞ്ഞതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരൻ പെരുവള്ളൂര്‍ സ്വദേശി ഹംസ എന്നിവരിൽനിന്ന് മൊഴി രേഖപ്പെടുത്തി.
ജനുവരി എട്ടിന് ഡോ. ഫെബ്ന ചികിത്സ നിഷേധിച്ച മൂന്നിയൂര്‍ ആലുങ്ങല്‍ സ്വദേശി മണക്കടവന്‍ ഷാഹുല്‍ ഹമീദ്, ഭാര്യ സക്കീന, അവരുടെ ഒരു വയസ്സുള്ള കുട്ടി മുഹമ്മദ് ഷഹിന്‍, ഇവര്‍ക്ക് ചികിത്സ നിഷേധിച്ചത് ചൂണ്ടിക്കാട്ടിയതിന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത വേങ്ങര കൂരിയാട് സ്വദേശി നൗഫലിന്റെ ഭാര്യ എന്നിവരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
പുറമെ ജനുവരി 13ന് ഒ.പി മുടക്കി ഡോക്ടര്‍മാരും ജീവനക്കാരും സമരം ചെയ്തത്, താല്‍ക്കാലിക ജീവനക്കാരെ നിര്‍ബന്ധിച്ച് സമരത്തില്‍ പങ്കെടുപ്പിച്ചത്, സി.സി.ടി.വിയുടെ പ്രവര്‍ത്തനം, അത്യാഹിത വിഭാഗത്തിലെ ഒ.പി കൗണ്ടര്‍ കാഷ്വാല്‍റ്റി കെട്ടിടത്തിലേക്ക് മാറ്റല്‍, സേവന വളന്റിയര്‍മാരുടെ പേരില്‍ ആശുപത്രിയിലെ ചിലരുടെ ഇടപെടല്‍, ആര്.എം.ഒയായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി സമയത്ത് ആശുപത്രിക്ക് പുറത്ത് മറ്റു ജോലി നല്‍കുന്നത് എന്നിവയും 2024 നവംബര്‍ 27ന് നടന്ന യൂനിവേഴ്സിറ്റി സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാർഥികള്‍ക്ക് ചികിത്സ നിഷേധിച്ചത് എന്നിവയും വിജിലന്‍സിന്റെ മുമ്പില്‍ അവതരിപ്പിച്ചതായാണ് വിവരം.ശേഖരിച്ച എല്ലാ വിവരങ്ങളും പരിശോധിച്ച് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.