ജലനിധിക്ക് കരം കൂട്ടൽ: അന്യായ വർധനവെന്ന് ഗുണഭോക്താക്കൾ
text_fieldsവേങ്ങര: ജലനിധി കുടിവെള്ളത്തിന് കരം വർധിപ്പിച്ചതിൽ പ്രതിഷേധം. ഒരു ലക്ഷം ലിറ്റർ വെള്ളത്തിന് പ്രതിമാസം 110 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 150 രൂപയായാണ് വർധിപ്പിച്ചത്. മാത്രമല്ല മിനിമം 10000 ലിറ്റർ എന്നത് 5000 ലിറ്റർ ആക്കി ചുരുക്കുകയും ചെയ്തു. ഫലത്തിൽ ഉപഭോക്താവിന് മൂന്നിരട്ടിയോളമാണ് പ്രതിമാസ വർധനവ്. കടുത്ത വേനലിൽ വർഷത്തിൽ മൂന്ന് മാസത്തോളമാണ് യഥാർഥത്തിൽ ജലനിധി കുടിവെള്ളം ജനങ്ങൾ ഉപയോഗിക്കുന്നത്.
മിക്കവാറും ആളുകൾക്ക് താമസസ്ഥലത്ത് തന്നെ, സ്വന്തമായി കിണറുകൾ ഉള്ളതിനാൽ വേനലിൽ ഒഴികെ വെള്ളത്തിനു ബുദ്ധിമുട്ടില്ല.
അതുകൊണ്ട് തന്നെ വർഷത്തിൽ ഒമ്പത് മാസവും ജലനിധിയുടെ വെള്ളം ഉപയോഗിക്കേണ്ടി വരില്ല. എന്നാൽ ഈ മാസങ്ങളിലും ഉപഭോക്താവ് മിനിമം ചാർജ് അടക്കുകയും വേണം. കരമടക്കുന്ന പണത്തിനോ വെള്ളം ഉപയോഗിക്കാതെ ഏഴായിരത്തോളം വരുന്ന ഉപഭോക്താക്കൾ അടക്കുന്ന പണത്തിനോ ഇതുവരെയും ഓഡിറ്റിങ് നടക്കുകയോ കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.
സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ജലനിധി കമ്മിറ്റികൾ നാല് വർഷത്തോളമായി പ്രവർത്തിക്കുകയാണ്. ഓരോ വർഷം കൂടുമ്പോഴും പുതിയ കമ്മിറ്റികൾ രൂപവത്കരിക്കണമെന്നും കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നുമുള്ള സൊസൈറ്റി നിർദേശങ്ങൾ പോലും കാറ്റിൽ പറത്തിയാണ് നിലവിൽ കമ്മിറ്റികൾ പ്രവർത്തനം തുടരുന്നത്. വാട്ടർ അതോറിറ്റി മുഖേന ജലനിധിയുടെ ജലസംഭരണ ടാങ്കിൽ ശേഖരിക്കുന്ന ജലത്തിനാണ് ജലനിധി കമ്മിറ്റി, വാട്ടർ അതോറിറ്റിക്ക് പണം അടക്കേണ്ടത്. അതായത് ഗുണഭോക്താക്കൾ വെള്ളം ഉപയോഗിക്കുന്നില്ലെങ്കിൽ വാട്ടർ അതോറിറ്റിട്ടിക്ക് ജലനിധി പണം അടക്കേണ്ടതില്ല. എന്നാൽ ജലം ഉപയോഗിക്കാത്ത മാസങ്ങളിലും ഗുണഭോക്താക്കളിൽ നിന്ന് പ്രതിമാസം മിനിമം ചാർജ് ആയി പിരിച്ചെടുക്കുന്ന പണം എങ്ങോട്ട് പോവുന്നു എന്നാണ് ഗുണഭോക്താക്കളുടെ ചോദ്യം.
2019ൽ പ്രവർത്തനമാരംഭിച്ച ജലനിധി ഇത്തരത്തിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ എന്ത് ചെയ്തുവെന്നും ജനം ചോദിക്കുന്നു. അതേസമയം, ഗുണഭോക്താക്കളിൽ നല്ലൊരു ശതമാനം ജലനിധി കരം അടക്കുന്നില്ലെന്നും ഇത് പിരിച്ചെടുക്കുന്നതിനു ശാസ്ത്രീയമായ മാർഗം ജലനിധിക്കില്ലെന്നും പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നു രാജി നൽകിയ സെക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു മാധ്യമത്തോട് പറഞ്ഞു. വേനൽക്കാലങ്ങളിൽ പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മാത്രമല്ല കരം കുടിശിക അടക്കാനുള്ളവരുടെ കണക്ഷൻ വേർപ്പെടുത്തി ഗുണഭോക്താവ് അടക്കാനുള്ള തുക പിടിച്ചെടുക്കുന്നതിന് ജലനിധി മേൽക്കമ്മിറ്റി സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

