മലപ്പുറം ജില്ലയിൽ വീണ്ടും കൂട്ടത്തോടെ ബസ് പെർമിറ്റ് നൽകാൻ നീക്കം
text_fieldsമലപ്പുറം: മത്സരയോട്ടത്തിന് വഴിവെക്കുന്ന തരത്തിൽ ജില്ലയിൽ വീണ്ടും കൂട്ടത്തോടെ ബസ് പെർമിറ്റ് നൽകാൻ നീക്കം. 18ന് ചേരുന്ന ആർ.ടി.എ യോഗത്തിൽ 83 പുതിയ പെർമിറ്റ് അപേക്ഷകളും 33 വേരിയേഷനുകളുമാണ് പരിഗണനക്ക് വരുന്നത്.
ഏജന്റുമാരുടെ ഇടപെടലുകളും ഉദ്യേഗസ്ഥരുടെ താൽപര്യങ്ങളുമാണ് ഇതിനു പിന്നിലെന്ന് ആരോപമുയർന്നു. റോഡിന് ഉൾകൊള്ളാൻ കഴിയാത്ത പെർമിറ്റുകളാണ് നിലവിൽ തന്നെ ജില്ലയിൽ പ്രധാന റൂട്ടുകളിലുള്ളത്. ഒന്നും രണ്ടും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസിന് പെർമിറ്റ് നൽകുന്നത്. ഇത് റോഡിൽ വാഹനത്തിരക്കും ബസ് തൊഴിലാളികൾ തമ്മിൽ അനാവശ്യ തർക്കങ്ങൾക്കും ഇടയാക്കുന്നു.
ബസുകളുടെ മത്സരയോട്ടവും അതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും പ്രധാന കാരണം മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള പെർമിറ്റുകളാണ്. 1200ലേറെ ബസുകൾക്ക് ജില്ലയിൽ നിലവിൽ പെർമിറ്റുണ്ട്. ഇതര ജില്ലകളിൽ പെർമിറ്റുള്ള 600ഓളം ബസുകൾ ജില്ലയിലും സർവിസ് നടത്തുന്നുണ്ട്. കോവിഡും മറ്റു പ്രശ്നങ്ങളും ബസ് വ്യവസായത്തെ തളർത്തിയിരുന്നു. ഉൾപ്രദേശങ്ങളിലെ ചില ബസുകൾ ഓട്ടം നിർത്തി. ചിലർ പെർമിറ്റ് സറണ്ടർ ചെയ്തു. ഈയൊരു പ്രതിസന്ധിക്ക് ഇപ്പോൾ അയവുണ്ട്. നിരക്ക് വർധനയെതുടർന്ന് വ്യവസായം വീണ്ടും പച്ചപിടിച്ചുവരികയാണ്. ഇതാണ് പെർമിറ്റ് അപേക്ഷകൾ വർധിക്കാൻ കാരണമെന്നാണ് സൂചന. ജില്ലയിൽ ഏതാണ്ട് എല്ലാ റൂട്ടുകളിലേക്കും പുതിയ പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് പുതിയ ബസുകൾക്കു മാത്രമേ പുതിയ പെർമിറ്റ് നൽകിയിരുന്നുള്ളൂ. ഇപ്പോൾ എട്ടു വർഷത്തിലേറെ പഴക്കമുള്ള ബസുകൾക്കും ഒരു പരിശോധനയുമില്ലാതെ, പെർമിറ്റ് നൽകുന്ന സ്ഥിതിയുണ്ടെന്ന് ഒരു വിഭാഗം ബസുടമകൾ ആരോപിക്കുന്നു.
ജില്ലയിൽ പെർമിറ്റ്
കച്ചവടം -ബസുടമകൾ
മലപ്പുറം: ബസ് പെർമിറ്റുകൾ നേടിയെടുത്ത് കച്ചവടം ചെയ്യുന്ന വലിയ ലോബി ജില്ലയിലുണ്ടെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല നേതാക്കൾ ആരോപിച്ചു. നിയമപരമായി പെർമിറ്റ് അനുവദിക്കാൻ പറ്റാത്തിടത്തുപോലും മുമ്പ് നടന്ന ആർ.ടി.എ യോഗങ്ങളിൽ പെർമിറ്റ് നൽകിയിട്ടുണ്ട്. വേരിയേഷൻ പെർമിറ്റും മാനദണ്ഡം പാലിക്കാതെ അനുവദിച്ച സംഭവങ്ങളുണ്ട്. ഇതിനെതിരെ തങ്ങൾ നൽകിയ പരാതികളൊന്നും അധികൃതർ മുഖവിലക്കെടുക്കാറില്ലെന്ന് ബസുടമകൾ ആരോപിച്ചു.
നോട്ടിഫൈഡ് റൂട്ടുകളിലെ പെർമിറ്റ് അപേക്ഷയെപോലും കെ.എസ്.ആർ.ടി.സി അധികൃതർ എതിർക്കുന്നില്ല. കെ.എസ്.ആർ.ടി.സിയുടെ മൗനം സംശയാസ്പദമാണ്. ആർ.ടി.എ യോഗങ്ങളിൽ ബസ് പെർമിറ്റുകൾ വഴിവിട്ട് അനുവദിച്ചതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ, എം.സി. അസ്സൻകുട്ടി, അബ്ദുൽ ഖാദർ, കെ.ടി. മെഹബൂബ്, എം. ദിനേഷ്കുമാർ എന്നിവർ പങ്കെടുത്തു.
പെർമിറ്റ് നൽകുന്നത്
വിശദ പരിശോധനക്ക് ശേഷം -ആർ.ടി.ഒ
മലപ്പുറം: ആര് ബസ് പെർമിറ്റ് അപേക്ഷ തന്നാലും ആർ.ടി.എ യോഗ അജണ്ടയിൽ വെക്കേണ്ടത് നിയമപരമായ ഉത്തരവാദിത്വമാണെന്ന് മലപ്പുറം ആർ.ടി.ഒ സി.വി.എം. ഷെരീഫ് അറിയിച്ചു.
പെർമിറ്റ് അനുവദിക്കണമോ വേണ്ടയോ എന്ന് ബോർഡാണ് തീരുമാനിക്കുക. വിശദ പരിശോധനക്കുശേഷം നിയമപരമായ എല്ലാ നടപടിക്രമവും പാലിച്ചുമാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്ന് ആർ.ടി.ഒ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

