കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും; മാലിന്യ കൂമ്പാരം
text_fieldsകൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന പൊതു ശുചിമുറിക്കടുത്തായി തള്ളിയ മാലിന്യം ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയില്‍
കൊണ്ടോട്ടി: പൊതുജനാരോഗ്യത്തിന് വെല്ലുവിളി തീര്‍ത്ത് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും മാന്യം കുമിഞ്ഞുകൂടുന്നു. സ്റ്റാന്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശുചിമുറിയോടു ചേര്‍ന്ന് വലിയ തോടിന്റെ പരിസരത്ത് വന്‍തോതിലാണ് ജൈവ-അജൈവ മാലിന്യം തള്ളുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട നഗരസഭ സ്റ്റാന്‍ഡ് പരിസരം അജൈവ മാലിന്യങ്ങളുടെ സംഭരണകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഹരിത കർമസേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന അജൈവ മാലിന്യം ചാക്കില്‍ കെട്ടി നഗരസഭയുടെ വാഹനത്തില്‍ തന്നെ ബസ് സ്റ്റാൻഡ് പരിസരത്തെത്തിച്ച് തള്ളുകയാണ് പതിവ്. ഇടക്ക് ശുചീകരണ തൊഴിലാളികളും ഹരിത കർമസേനാംഗങ്ങളും എത്തി മാലിന്യം നിറച്ച ചാക്കുകള്‍ തൊട്ടു ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് സംഭരിക്കും. മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള അജൈവ മാലിന്യം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഭരിക്കുന്നത് യാത്രക്കാര്‍ക്കും പ്രദേശത്തെ വ്യാപാരികള്‍ക്കും ഒരുപോലെ വെല്ലുവിളി തീര്‍ക്കുന്നുണ്ട്.
ഇതിനു പിറകിലായി വലിയ തോടിന്റെ ഓരം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ പൊതു ശുചിമുറിയും പരിസരവും മാലിന്യാതിപ്രസരത്താല് കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം തോടിനോടു ചേര്‍ന്ന് തള്ളുന്നത് സംബന്ധിച്ച പരാതി വ്യാപകമായപ്പോള്‍ ഇവ നീക്കം ചെയ്യുന്നതിനു പകരം മാലിന്യക്കൂമ്പാരത്തിന് ഷീറ്റുപയോഗിച്ച് മറയിടുകയാണ് അധികൃതര്‍ ചെയ്തത്. ഇപ്പോള്‍ ഈ മറക്കു മുകളിലൂടെയാണ് ജൈവ, അജൈവ മാലിന്യം ജലാശയ പരിസരത്തേക്ക് വലിച്ചെറിയുന്നത്.
പ്രതിഷേധവുമായി വോട്ടേഴ്സ് വോയ്സ്
കൊണ്ടോട്ടി: നഗരമാലിന്യം സംഭരിക്കുന്നതിലെയും സംസ്കരിക്കുന്നതിലെയും അശാസ്ത്രീയതക്കെതിരെയും വലിയ തോട് നവീകരണത്തില്‍ നഗരസഭ അലംഭാവം കാട്ടുകയാണെന്നും ആരോപിച്ച് കൊണ്ടോട്ടിയിലെ വോട്ടേഴ്സ് വോയ്സ് രംഗത്ത്. ജനദ്രോഹപരവും അശാസ്ത്രീയവുമായ നടപടികള്‍ നഗരസഭ അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡ് പരിസരത്തെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ സംഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
നഗരസഞ്ചയം പദ്ധതി പ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് നഗരത്തിലെ പ്രധാന ജലാശയം ശാസ്ത്രീയമായി പുനരുദ്ധരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ റസാഖ് കൊളങ്ങരത്തൊടി, എന്‍.വി. പ്രകാശ്, മാനു മുസ്ലിയാര്, ഹംസ പുത്തലത്ത്, ബാപ്പു തുറക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

