നിയമവിരുദ്ധ രാത്രികാല മത്സ്യബന്ധനം; മൂന്ന് ബോട്ടുകൾ ഫിഷറീസ് എൻഫോഴ്സ്മെന്റ് പിടികൂടി
text_fieldsനിയമവിരുദ്ധ രാത്രികാല മത്സ്യബന്ധനത്തിനിടെ ഫിഷറീസ്
എൻഫോഴ്സ്മെന്റ് പിടികൂടിയ ബോട്ടുകൾ മുനക്കക്കടവ് ഫിഷ് ലാൻഡിങ്ങിന് സമീപം
ചാവക്കാട്: നിയമവിരുദ്ധമായി രാത്രികാല മത്സ്യബന്ധനത്തിനിടെ മൂന്ന് ബോട്ടുകൾ ഫിഷറീസ് എൻഫോഴ്സ്മെന്റ് പിടികൂടി. പൊന്നാനി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജാബിർ മോൻ, റഷീദ മോൾ, ഷഹാന എന്നീ ബോട്ടുകളാണ് അഴീക്കോട് ഫിഷറീസ് അസി. ഡയറക്ടർ സുലേഖയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. രാത്രികാല മത്സ്യബന്ധനവും തീരമേഖലയിലൂടെയുള്ള ട്രോളിങ്ങുമാണ് ഇവർക്കെതിരെയുള്ള കുറ്റം. മത്സ്യസമ്പത്തിന് നാശം വിതക്കുന്ന പ്രവൃത്തിയാണിതെന്ന് ഫിഷറീസ് അസി. ഡയറക്ടർ സുലേഖ പറഞ്ഞു. മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിരന്തര പരാതിയുയർന്നതിനാൽ സ്ഥിരമായ നിരീക്ഷണം ഇവിടെയുണ്ടെന്നും അവർ അറിയിച്ചു.
പട്രോളിങ്ങിനിടെ വ്യാഴാഴ്ച പുലർച്ച ബ്ലാങ്ങാട് പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടികൂടിയ ബോട്ടുകൾ മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിന് സമീപം പിടിച്ചിട്ടു. ബോട്ടിലുണ്ടായിരുന്ന മത്സ്യം വ്യാഴാഴ്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 60,000 രൂപക്ക് ലേലം ചെയ്തു. വെള്ളിയാഴ്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ തുടർനടപടിയുണ്ടാകും. 2.5 ലക്ഷം വരെ ഓരോ ബോട്ടുടമയിൽനിന്നും പിഴയീടാക്കുമെന്നാണ് സൂചന.
എസ്.ഐ ജയേഷ്, എ.എസ്.ഐമാരായ ഷൈബു, ഷൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.എൻ. പ്രശാന്ത് കുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അശ്വിൻ, എ.എഫ്.ഇ.ഒ ഷാജൻ, ഷീഷറീസ് ഗാർഡ് ഷഫീക്ക്, വിബിൻ എന്നിവരാണ് പ്രത്യേക സ്ക്വാഡിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

