അനധികൃത കെട്ടിടത്തിലെ മൊബൈല്‍ ടവര്‍ നിര്‍മാണം നാട്ടുകാര്‍ വീണ്ടും തടഞ്ഞു
text_fieldsപള്ളിക്കല്‍ തറയിട്ടാല്‍ മേഖലയില്‍ അനധികൃത കെട്ടിടത്തിന്
മുകളില്‍ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടയുന്നു
തേഞ്ഞിപ്പലം: അനധികൃതമായി നിര്‍മിച്ച കെട്ടിടത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് വീണ്ടും തടഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. കെട്ടിട നിര്‍മാണച്ചട്ടം പാലിക്കാതെ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പ്രദേശവാസികളും തറയിട്ടാല്‍ എം.കെ.വി.എം ക്ലബ് ഭാരവാഹികളും നേരേത്ത പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
രണ്ടാഴ്ച മുമ്പ് പഞ്ചായത്ത് അധികൃതര്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവെപ്പിച്ച് കെട്ടിട ഉടമക്കും മൊബൈല്‍ നെറ്റ് വര്‍ക്ക് ദാതാവിനും നോട്ടീസ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ ബുധനാഴ്ച നിര്‍മാണപ്രവൃത്തി നടത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദാലിയുടെയും പഞ്ചായത്തംഗം അംഗം ലത്തീഫ് കൂട്ടാലുങ്ങലിന്റെയും ഇടപെടലിനെത്തുടർന്ന് സെക്രട്ടറി ഷമീല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതായി മൊബൈല്‍ കമ്പനി അധികൃതരെ അറിയിച്ച് പ്രവൃത്തി നിര്‍ത്തിവെപ്പിച്ചു. ക്ലബ് മുഖ്യ രാക്ഷധികാരി റഷീദ് മാട്ടില്‍, ഭാരവാഹികളായ കെ. അര്‍ഷദ്, ഹംസ ചേര്‍ങ്ങോടന്‍, റഹീം തോട്ടോളി, വി.പി. ജസീര്‍, പി.ടി. ലത്തീഫ്, കെ.ടി. ജലീല്‍, സാജിത ചാലില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിപ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ നാസര്‍ പട്ടര്ക്കടവന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

