വെട്ടുപാറയിലും അനധികൃത ബോട്ടുയാത്ര; പരാതിയുമായി നാട്ടുകാർ
text_fieldsവെട്ടുപാറയിലെ ബോട്ട് സർവിസ്
എടവണ്ണപ്പാറ: താനൂർ ബോട്ടപകട ദുരന്ത പശ്ചാത്തലത്തിൽ ചാലിയാറിലെ വെട്ടുപാറയിൽ സമാന ദുരന്തം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ അതീവ ജാഗ്രത പാലിക്കണമെന്ന് വെട്ടുപാറ നിവാസികൾ.ചാലിയാർ പുഴയിൽ ചീക്കോട് പഞ്ചായത്തിലാണ് വെട്ടുപാറ.
നിലവിൽ വെട്ടുപാറയിലും പതിനഞ്ചോളം ചെറുതും വലുതുമായ ബോട്ടുകൾ യാത്രക്കാരെ കയറ്റി ഉല്ലാസയാത്ര നടത്തുന്നുണ്ട്. അവധി ദിവസങ്ങളായതിനാൽ ബോട്ട് യാത്രക്കായി നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
വിനോദ സഞ്ചാരികളെ കയറ്റുന്ന ബോട്ടുകളുടെ കാലപ്പഴക്കമോ കാര്യക്ഷമതയോ ലൈസൻസോ പരിശോധിച്ച് ഉറപ്പു വരുത്തേണ്ട പ്രാദേശിക ഭരണകൂടം വേണ്ട ശ്രദ്ധ നൽകുന്നില്ലെന്നാണ് നാട്ടുകാർ പരാതിഉന്നയിക്കുന്നത്.ഗ്രാമ പഞ്ചായത്തുകളോ ടൂറിസം വകുപ്പോ യാതൊരു അംഗീകാരവും ഈ ബോട്ടുകൾക്ക് നൽകിയിട്ടില്ല. മുപ്പത് പേർക്ക് കയറാവുന്ന ബോട്ടിൽ ഇവിടെ പലപ്പോഴും അമ്പതും അറുപതുമൊക്കെ പേരെ കയറ്റിയാണ് യാത്ര ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് വന്ന് ബോട്ടുടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പൊലീസ് പോയതിന് പിന്നാലെ ബോട്ടുകൾ സർവീസ് നടത്തി. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയുള്ള ഇവിടുത്തെ യാത്ര അപകടകരമാണ്. ഇതിനെല്ലാം പുറമെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വെട്ടുപാറയിലെ വിനോദ സഞ്ചാര ബോട്ടുകൾ സാഹചര്യമൊരുക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഗ്രാമ പഞ്ചായത്തുകളിലേക്കും നഗരസഭ പ്രദേശങ്ങളിലേക്കും ശുദ്ധ വെള്ളമെത്തിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിയുടെ പ്രധാന പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നതും വെട്ടുപാറയിലെ ചാലിയാറിലാണ്.
തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ബോട്ടുകളിൽനിന്ന് പുഴയിലെ ജലോപരിതലത്തിൽ എണ്ണ വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ബോട്ടിൽ യാത്രചെയ്യുന്നവരും മറ്റും പുഴ മലിനമാക്കുന്നത് കുടിവെള്ള സ്രോതസ്സിനെയും ബാധിക്കുന്നുണ്ട്.ലക്ഷക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാകുന്നത് ഗുരുതര പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ജില്ല കലക്ടർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

