മോങ്ങത്ത് അഞ്ചു ലക്ഷത്തിന്റെ രാസലഹരി വേട്ട; മെത്താം ഫിറ്റമിനുമായി ഒരാൾ പിടിയിൽ
text_fieldsമുഹമ്മദ് അനീസ്
മൊറയൂർ: മോങ്ങത്ത് അഞ്ചുലക്ഷം രൂപയുടെ രാസ ലഹരി വസ്തു എക്സൈസ് പിടികൂടി. മണിപ്പറമ്പിൽ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം മെത്താം ഫിറ്റാമിനാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നറുകര പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസി (35)നെ അറസ്റ്റ് ചെയ്തു.
കാപ്പ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനക്കിടെയായിരുന്നു മയക്കുമരുന്ന് വേട്ട. മെത്താം ഫിറ്റമിൻ കടത്തിക്കൊണ്ടുവന്ന കാറും പിടിച്ചെടുത്തു. എൻ. ഡി.പി.എസ് നിയമപ്രകാരം അറസ്റ്റിലായ മുഹമ്മദ് അനീസിനെ കോടതിയിൽ ഹാജരാക്കി.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. അബ്ദുൽ വഹാബ്, കെ. ആസിഫ് ഇക്ബാൽ, പ്രിവന്റിവ് ഓഫിസർ വി. മുരളി, സിവിൽ എക്സൈസ് ഓഫിസർ സുരേഷ് ബാബു, ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ എക്സൈസ് റേഞ്ച് ഓഫിസിൽനിന്ന് സാങ്കേതിക സഹായവും ലഭ്യമാക്കി.

